മേപ്പാടി: മേപ്പാടി റെയ്ഞ്ച് പരിധിയിലെ വിത്ത്കാട് ഭാഗത്തു നിന്ന് ചന്ദന മരങ്ങൾ മുറിച്ചു കടത്തിയ കേസ്സിലെ പ്രധാന പ്രതിയെ വനം വകുപ്പുദ്യോഗസ്ഥർ പിടികൂടി. കുന്നമംഗലംകുന്നിലെ ഷാംജിത്ത് (23) ആണ് പിടിയിലായത്. ചന്ദനമരങ്ങൾ മുറിക്കുന്നതിനുപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തു.
മുറിച്ച ചന്ദന മരങ്ങൾ അയൽ ജില്ലകളിലേക്ക് കടത്തുന്ന സംഘത്തിലെ രണ്ട് പ്രതികൾ മുമ്പ് പിടിയിലായിരുന്നു. എറണാകുളത്ത് പ്രവർത്തിക്കുന്ന കമ്പനിയിൽ ജോലി ചെയ്യുന്ന ഇയാൾക്ക് അന്തർ സംസ്ഥാന ചന്ദന മാഫിയയുമായി ബന്ധമുണ്ടെന്ന് മേപ്പാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. ബാബുരാജ് അറിയിച്ചു. മേപ്പാടി കേന്ദ്രീകരിച്ച് യുവാക്കളിൽ പലരും ഇത്തരത്തിൽ ചന്ദന, കഞ്ചാവ് മാഫിയകളുമായി ബന്ധം പുലർത്തി വരുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആർഭാട ജീവിതം നയിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ലഭിക്കുന്ന പണം ഇവർ ഉപയോഗിച്ചു വരുന്നതെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പി.രഞ്ജിത്കുമാർ പറഞ്ഞു.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയതു.
മേപ്പാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.ബാബുരാജ്, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.പി.അഭിലാഷ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ സി.സി.ഉഷാദ്, കെ.ആർ.വിജയാനാഥ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ എം.എ.രഞ്ജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്.