കൊയിലാണ്ടി: കൊവിഡ് നിയന്ത്രണങ്ങൾക്ക് പുല്ലു വില കൽപ്പിച്ച് കൊയിലാണ്ടി കടപ്പുറത്ത് മത്സ്യ വിൽപ്പന തകൃതി. ഗോവ, തമിഴ്നാട്, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന അയല, മത്തി, ആവോലി, അയക്കൂറ എന്നീ മത്സ്യങ്ങളാണ് വിൽപ്പനയ്ക്കുള്ളത്. പുലർച്ചെ 4 മുതൽ 6 വരെയാണ് ഹാർബറിൽ കച്ചവടം നടത്താൻ മാനേജ്മെന്റ് സൊസൈറ്റി അനുവദിച്ചത്. എന്നാൽ പലപ്പോഴും സമയം പാലിക്കാതെയാണ് വിൽപ്പന. കണ്ടയ്ൻമെന്റ് സോണുൾപ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കച്ചവടക്കാർ എത്തുന്നുണ്ടെങ്കിലും പരിശോധന നടത്തുന്നില്ല. പരമ്പരാഗത മത്സ്യ തൊഴിലാളികൾക്ക് കടൽ ക്ഷോഭം ശക്തമായതിനാൽ പണിക്ക് പോകാനും സാധിക്കുന്നില്ല. ഇത് ഇറക്കുമതി മീൻ കച്ചവടക്കാരും പരമ്പരാഗതക്കാരും തമ്മിൽ പ്രശ്നത്തിനും ഇടയാക്കുന്നു. നിയമ വിരുദ്ധമായി കച്ചവടം ചെയ്യുന്നവർക്കെതിെരെ നഗരസഭയും പൊലീസും നടപടിയെടുക്കണമെന്നാണ് ഇവരുടെ ആവശ്യം.