കോഴിക്കോട്: മികവിന്റെ കേന്ദ്രം പദ്ധതിയിൽ നിർമ്മിച്ച സ്‌കൂൾ കെട്ടിടങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നാടിന് സമർപ്പിച്ചു. നടുവണ്ണൂർ ഗവ. ഹയർ സെക്കൻഡറി, പന്നൂർ ഗവ. ഹയർ സെക്കൻഡറി, മേപ്പയ്യൂർ ജി.വി.എച്ച്.എച്ച്.എസ്, വളയം ഗവ. ഹയർ സെക്കൻഡറി, ഫറോക്ക് ഗവ. ഗണപത് വൊക്കേഷണൽ ഹയർ സെക്കൻഡറി, ചാത്തമംഗലം ആർ.ഇ.സി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി, പയിമ്പ്ര ഗവ. ഹയർ സെക്കൻഡറി, കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളുകളാണ് ഉദ്ഘാടനം ചെയ്തത്.
സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ പരിപാടിയുടെ ഭാഗമായാണ് ഉദ്ഘാടനം.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷനാണ് പദ്ധതി നടപ്പാക്കിയത്. നടുവണ്ണൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ബഹുനില കെട്ടിടത്തിന്റെ സ്‌കൂൾ തല ഉദ്ഘാടന ചടങ്ങിൽ പുരുഷൻ കടലുണ്ടി എം.എൽ.എ ഫലകം അനാച്ഛാദനം ചെയ്തു. നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യശോദ തെങ്ങിട അദ്ധ്യക്ഷത വഹിച്ചു.
പന്നൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നാലു നില കെട്ടിടമാണ് നിർമ്മിച്ചത്. കാരാട്ട് റസാക്ക് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. അഞ്ചുകോടി ഉപയോഗിച്ചാണ് മേപ്പയ്യൂർ ജി.വി.എച്ച്.എച്ച്.എസിൽ മൂന്നുനിലകളുള്ള രണ്ടുകെട്ടിടങ്ങൾ നിർമ്മിച്ചത്. 24കോടി രൂപയുടെ പ്രവർത്തനങ്ങൾ മേപ്പയ്യൂർ ജി.വി.എച്ച്.എച്ച്.എസിൽ നടക്കുന്നുണ്ട്. വളയം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ കൈറ്റിന്റെ മേൽനോട്ടത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് പണി പൂർത്തിയാക്കിയത്. ഏഴ് കോടി രൂപയുടെ വികസന പ്രവർത്തനമാണ് സ്‌കൂളിൽ നടക്കുന്നത്. മൂന്ന് നിലകളിലായി 24 ക്ലാസ് മുറികളുണ്ട്. സ്‌കൂൾ ഹാളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഇ.കെ. വിജയൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കെട്ടിട ശിലാഫലകത്തിന്റെ അനാഛാദനവും എം.എൽ.എ നിർവഹിച്ചു.
ഫറോക്ക് ഗവ.ഗണപത് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന സ്‌കൂൾതല കെട്ടിട ഉദ്ഘാടന ചടങ്ങ് വി.കെ.സി മമ്മദ്‌കോയ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫറോക്ക് നഗരസഭ ചെയർ പേഴ്‌സൺ കെ ഖമറുലൈല അദ്ധ്യക്ഷത വഹിച്ചു. ശിലാസ്ഥാപനം 2018 ഏപ്രിലിൽ തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണനാണ് നിർവഹിച്ചത്. രണ്ടു നിലകളിലായി പണിത കെട്ടിടത്തിന്റെ താഴെയുള്ള നിലയിൽ അഞ്ച് ക്ലാസ് മുറികളുണ്ട്. ലിഫ്റ്റ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
ചാത്തമംഗലം ആർ.ഇ.സി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങൾക്കായി 9 ക്ലാസ് മുറികളും 6 ലബോറട്ടറികളും സജ്ജമാക്കി.
സ്‌കൂൾതല ചടങ്ങിൽ പി.ടി.എ റഹീം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പങ്കെടുത്തു. പയിമ്പ്ര ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നാല്, മൂന്ന് വീതം നിലകളുള്ള രണ്ട് കെട്ടിടങ്ങളുടെ നിർമ്മാണമാണ് പൂർത്തിയാക്കിയത്. 12 ക്ലാസ് മുറികൾ ഒരുക്കി. കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടത്തിന്റെ സ്‌കൂൾ തല ഉദ്ഘാടന ചടങ്ങിൽ പാറക്കൽ അബ്ദുള്ള എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.