സുൽത്താൻ ബത്തേരി: മരംപൊട്ടിവീണ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. ചെതലയം ആറാംമൈൽ കണ്ണംപള്ളി സണ്ണി (50) ക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇയാളെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ബത്തേരി പുൽപ്പള്ളി റോഡിൽ അഞ്ചാംമൈലിലാണ് അപകടം. പാതയോരത്തെ മരം പൊട്ടിവീണാണ് അപകടം. സാരമായി പരുക്കേറ്റ സണ്ണിയെ ആംബുലൻസെത്തി ആശുപത്രിയിലേക്ക് മാറ്റി. നട്ടെല്ലിന് ക്ഷതം സംഭവിച്ചതിനെ തുടർന്ന് വിദഗ്ദ ചികിൽസയ്ക്കായി ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബത്തേരിയിൽ നിന്ന് ചെതലയത്തേക്ക് പോവുകയായിരുന്നു സണ്ണി. ബൈക്കിനു തൊട്ടുമുന്നിലായി ഓട്ടോറിക്ഷയിൽ സണ്ണിയുടെ ഭാര്യ പോകുന്നുണ്ടായിരുന്നു. ഓട്ടോറിക്ഷ കടന്നുപോയ ഉടനെയാണ് മരംപൊട്ടി വീണത്.