നാദാപുരം: നാദാപുരം മേഖലയിൽ കൊവിഡ് രോഗികൾ കൂടുന്നത് ആശങ്ക ഉയർത്തുന്നു. ഇന്നലെ പത്ത് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ അഞ്ചു വാർഡുകളിലായി രോഗികൾ 36 ആയി. നേരത്തെ കൊവിഡ് സ്ഥിരീകരിച്ചവരുമായി സമ്പർക്കമുണ്ടായവർക്കാണ് ഇന്നലെ പോസിറ്റീവായത്. പഞ്ചായത്തിലെ 19, 20 വാർഡിൽ ഒരാൾ വീതവും 21ാം വാർഡിൽ എട്ട് പേർക്കുമാണ് രോഗബാധയുണ്ടായത്. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചയാളുടെ സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട ചിയ്യൂർ ഏഴാം വാർഡിലെ സ്ത്രീയോട് ക്വാറന്റൈനിൽ പോകാൻ ആവശ്യപ്പെട്ടെങ്കിലും തുടർ പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാത്തത് ആശങ്കയ്ക്കിടയാക്കി. സമ്പർക്കത്തിൽ പുറമേരിയിൽ 2 പേർക്കും വാണിമേലിൽ ഒരാൾക്കും ചെക്യാട് ഒരു ആരോഗ്യ പ്രവർത്തകനും കൊവിഡ് സ്ഥിരീകരിച്ചു.
കടകളുടെ പ്രവർത്തന സമയം
രാത്രി 7 മണി വരെയാക്കി
നാദാപുരം: നാദാപുരത്ത് കണ്ടെയ്ൻമെന്റ് സോണുകളിലൊഴികെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൽ സർവ്വ കക്ഷി യോഗത്തിൽ തീരുമാനം. ഗ്രാമപഞ്ചായത്തിലെ കടകൾ രാത്രി 7 മണി വരെയും മത്സ്യമാർക്കറ്റ്, മത്സ്യ ബൂത്ത്, ഇറച്ചി സ്റ്റാൾ എന്നിവ വൈകീട്ട് 5 മണി വരെയും പ്രവർത്തിക്കാം. ഹോട്ടലുകളിൽ ഏഴ് മണി വരെ പാർസൽ വിതരണം ചെയ്യാം. ഗ്രാമപഞ്ചായത്തിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് എം.കെ സഫീറ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സി.വി കുഞ്ഞികൃഷണൻ, നാദാപുരം സി.ഐ എൻ.സുനിൽകുമാർ, സി.എച്ച് മോഹനൻ, എം.പി സൂപ്പി, കെ.എം രഘുനാഥ്, കെ.ടി.കെ ചന്ദ്രൻ ,കരിമ്പിൽ ദിവാകരൻ, എച്ച്.ഐ. സതീഷ് ബാബു, തേറത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ, ഏരത്ത് ഇഖ്ബാൽ, മൊയ്തുട്ടി, കണേക്കൽ അബ്ബാസ് എന്നിവർ പങ്കെടുത്തു.