കുറ്റ്യാടി: വേളത്ത് മുസ്ലീം ലീഗുകാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് പേർക്ക് പരിക്കേറ്റു. വലക്കെട്ടിലെ എ.ടി. അമ്മദ് ഹാജി (55), സഹോദരൻ ആലത്തോട്ടത്തിൽ അബ്ദുൽ സലാം (43) എന്നിവർക്കാണ് പരുക്ക്.

അൻപതോളം പേർ അമ്മദ് ഹാജിയുടെ വീട്ടിൽ കടന്നുകയറി ആക്രമിച്ചെന്നാണ് പരാതി. കുറ്റ്യാടിയിൽ നിന്ന് പൊലീസെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.

ലോക് ഡൗൺ കാലത്ത് അവധി ദിനത്തിൽ എസ്.ഡി.പി.ഐ പ്രവർത്തകർക്ക് പഞ്ചായത്ത് ഓഫീസ് ശുചീകരണത്തിനായി പ്രസിഡന്റ് തുറന്നുകൊടുത്തെന്ന് ആരോപിച്ച് ഒരു വിഭാഗം ലീഗ് പ്രവർത്തകർ രംഗത്ത് വന്നിരുന്നു. ഇതിന്റെ തുടർച്ചയാണ് ഏറ്റുമുട്ടലെന്ന് പറയുന്നു. ഇന്നലെ പാർട്ടി മുഖപത്രത്തിന്റെ പ്രചാരണ കാമ്പയിൻ നടക്കുന്നതിനിടെയുണ്ടായ വാക്ക്തർക്കം സംഘട്ടനത്തിൽ കലാശിക്കുകയായിരുന്നു.