കോഴിക്കോട്: ചോർന്നൊലിക്കുന്ന ടെറസും പൊട്ടിപ്പൊളിഞ്ഞ ബെഞ്ചും എഫ്.സി.ഐ ഗോഡൗണിലെ മുഷിഞ്ഞ മണമുള്ള അരിയുടെ കഞ്ഞിയുമായിരുന്നു സർക്കാർ സ്കൂളുകളുടെ ഓർമ്മ. ഇച്ഛാശക്തിയോടെ സർക്കാരുകൾ ഇറങ്ങിയതോടെ ഇത്തരം പതിവ് കാഴ്ചകൾ മാറുകയാണ്. കേരളത്തിന്റെ വളർച്ചയ്ക്ക് ശക്തമായ അടിത്തറ പാകിയ കിഫ്ബിയിലെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച നിരവധി സ്കൂൾ കെട്ടിടങ്ങളാണ് ഇന്നലെ ജില്ലയിൽ ഉദ്ഘാടനം ചെയ്തത്. പിന്നാക്ക മേഖലകളിലെ സാമ്പത്തിക ശേഷിയില്ലാത്ത കുട്ടികൾ പഠിക്കുന്ന സ്കൂളുകളാണ് ഇത്തരം ഇടപെടലിലൂടെ തലയുയർത്തി നിൽക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും ജനം ആഹ്ലാദത്തോടെ ഉദ്ഘാടനത്തെ വരവേറ്റു.
മികവിന്റെ കേന്ദ്രം പദ്ധതിയിൽ നിർമ്മിച്ച സ്‌കൂൾ കെട്ടിടങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നാടിന് സമർപ്പിച്ചു. നടുവണ്ണൂർ ഗവ. ഹയർ സെക്കൻഡറി, പന്നൂർ ഗവ. ഹയർ സെക്കൻഡറി, മേപ്പയ്യൂർ ജി.വി.എച്ച്.എച്ച്.എസ്, വളയം ഗവ. ഹയർ സെക്കൻഡറി, ഫറോക്ക് ഗവ. ഗണപത് വൊക്കേഷണൽ ഹയർ സെക്കൻഡറി, ചാത്തമംഗലം ആർ.ഇ.സി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി, പയിമ്പ്ര ഗവ. ഹയർ സെക്കൻഡറി, കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളുകളാണ് ഉദ്ഘാടനം ചെയ്തത്.
സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ പരിപാടിയുടെ ഭാഗമായാണ് ഉദ്ഘാടനം.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷനാണ് പദ്ധതി നടപ്പാക്കിയത്.
പന്നൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നാലു നില കെട്ടിടമാണ് നിർമ്മിച്ചത്. അഞ്ചുകോടി ഉപയോഗിച്ചാണ് മേപ്പയ്യൂർ ജി.വി.എച്ച്.എച്ച്.എസിൽ മൂന്നുനിലകളുള്ള രണ്ടുകെട്ടിടങ്ങൾ നിർമ്മിച്ചത്. 24കോടി രൂപയുടെ പ്രവർത്തനങ്ങൾ മേപ്പയ്യൂർ ജി.വി.എച്ച്.എച്ച്.എസിൽ നടക്കുന്നുണ്ട്. വളയം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ കൈറ്റിന്റെ മേൽനോട്ടത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് പണി പൂർത്തിയാക്കിയത്. ഏഴ് കോടി രൂപയുടെ വികസന പ്രവർത്തനമാണ് സ്‌കൂളിൽ നടക്കുന്നത്. മൂന്ന് നിലകളിലായി 24 ക്ലാസ് മുറികളുണ്ട്. ഫറോക്ക് ഗവ.ഗണപത് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ രണ്ടു നിലകളിലായി പണിത കെട്ടിടത്തിന്റെ താഴെയുള്ള നിലയിൽ അഞ്ച് ക്ലാസ് മുറികളുണ്ട്. ലിഫ്റ്റ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
ചാത്തമംഗലം ആർ.ഇ.സി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങൾക്കായി 9 ക്ലാസ് മുറികളും 6 ലബോറട്ടറികളും സജ്ജമാക്കി.
പയിമ്പ്ര ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നാല്, മൂന്ന് വീതം നിലകളുള്ള രണ്ട് കെട്ടിടങ്ങളുടെ നിർമ്മാണമാണ് പൂർത്തിയാക്കിയത്. 12 ക്ലാസ് മുറികൾ ഒരുക്കി.