സുൽത്താൻ ബത്തേരി: ജില്ലയിലെ നെൽ കർഷകർക്ക് ഉപകാരപ്പെടാതെ കിടക്കുകയാണ് ബത്തേരിയിൽ നിർമ്മാണം കഴിഞ്ഞ് കിടക്കുന്ന അരിമില്ല്. ബത്തേരി അമ്മായിപ്പാലം കാർഷിക മൊത്തവിപണനകേന്ദ്രം വളപ്പിലാണ് അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ രണ്ട് വർഷം മുമ്പ് അഗ്രോ റൈസ്മിൽ നിർമ്മിച്ചത്.
കർഷകരിൽ നിന്ന് നെല്ല് ശേഖരിച്ച് കുത്തി അരിയാക്കി വിപണിയിൽ എത്തിക്കുകയെന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. പത്ത് വർഷം മുമ്പാണ് മില്ലിന്റെ നിർമ്മാണം ആരംഭിച്ചത്. രണ്ട് വർഷം മുമ്പ് നിർമ്മാണം പൂർത്തീകരിക്കുകയും യന്ത്രസമാഗ്രികൾ സ്ഥാപിക്കുകയും ചെയ്തു. ഇതിനായി മൂന്നര കോടിയോളം രൂപ ചെലവഴിച്ചു. എന്നാൽ യന്ത്ര തകരാറ് മൂലം പദ്ധതി വിജയിച്ചില്ല. പിന്നീട് യന്ത്ര തകരാറ് പരിഹരിച്ച് മില്ല് പ്രവർത്തനക്ഷമമാക്കാൻ അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചുമില്ല.
നിലവിൽ ഈ മില്ലിൽ ജീരകശാല,ഗന്ധകശാല ഇനം നെല്ലുകൾ മാത്രമേ കുത്തി അരിയാക്കാനാകൂ. ജില്ലയിൽ ഈ ഇനത്തിൽപ്പെട്ട നെല്ലുകളുടെ ഉൽപ്പാദനം വളരെ കുറവാണ്. അതുകൊണ്ട് തന്നെ മില്ലിന്റെ പ്രവർത്തനം കൊണ്ട് ജില്ലയിൽ കാര്യമായ പ്രയോജനവുമില്ല.വേണ്ടത്ര ചർച്ചകളോ പഠനമോ നടത്താതെയാണ് അഗ്രോ മില്ല് സ്ഥാപിക്കാനിറങ്ങിയത്. മറ്റ് നെല്ലിനങ്ങൾ കൂടി കുത്തുന്ന യന്ത്രസമാഗ്രികൾ ഉണ്ടങ്കിൽ മാത്രമെ കർഷകർക്ക് ഈ മില്ല് കൊണ്ട് ഉപകാരമുണ്ടാവുകയുള്ളൂ.