ചേളന്നൂർ: മഴവന്നാൽ വെള്ളക്കെട്ടൊഴിയാത്ത എട്ടേ രണ്ട് പട്ടർ പാലം റോഡ് ജനങ്ങൾക്ക് ദുരിതമാകുന്നു. പഞ്ചായത്ത് ഓഫിസിന്റെ പരിസരമായിട്ടും കക്കൂസ് മാലിന്യങ്ങൾ ഉൾപ്പെടെയാണ് വെള്ളത്തിൽ കലരുന്നത്. ഇതോടെ കാൽനടയാത്ര പോലും ദുരിതത്തിലായി.
വർഷം തോറും പ്രദേശത്തെ വീടുകളിൽ വെള്ളം കയറുന്നതും സാംക്രമിക രോഗ വ്യാപനവും ഭീതി വിതയ്ക്കുന്നു. ജലപാതയായ കൂപ്പര താഴം ഗുരുമന്ദിരം തോടിന്റെ സംരക്ഷണ ഭിത്തി തകർന്നതും അപകട ഭീതിയാകുന്നുണ്ട്. പഞ്ചായത്ത് ഓഫീസ് വരെ റോഡ് ഉയർത്തി ഓവുചാലടക്കം നിർമ്മിച്ച് നവീകരിക്കാൻ മന്ത്രി എ.കെ. ശശീന്ദ്രന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും പണി ഉടൻ ആരംഭിക്കുമെന്നും പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി. ഇസ്മയിൽ പറഞ്ഞു.
കുപ്പര താഴം മന്ദിരം തോടിന് സംരക്ഷണ ഭിത്തി നിർമ്മിക്കാതെ ശാശ്വത പരിഹാരമാകില്ല. അതിനായി ഫണ്ട് വകയിരുത്താൻ പഞ്ചായത്ത് ബോർഡിൽ നിർദ്ദേശം വെച്ചിട്ടുണ്ട്. സംരക്ഷണ ഭിത്തി നിർമ്മിക്കാൻ എം.എൽ.എയുടടെയും ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രതിനിധികളോടും ആവശ്യപ്പെട്ടതായി വാർഡ് മെമ്പർ വി.എം ഷാനി പറഞ്ഞു.