സുൽത്താൻ ബത്തേരി: കൊവിഡിനെ തുടർന്ന് തൊഴിൽ നഷ്ട്ടപ്പെട്ട യുവാക്കൾ പണമുണ്ടാക്കുന്നതിനായി ലഹരി വസ്തുക്കളും കുഴൽപണവും കടത്തുന്ന വാഹകരായി മാറുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടർച്ചയായി നടന്ന പാൻ മസാലവേട്ടകളിൽ പിടിയിലായവരിൽ നിന്നാണ് ഈ വിവരം പുറത്ത് വരുന്നത്.
നിരോധിത പുകയില ഉൽപ്പന്നങ്ങൾക്ക് പുറമെ ലഹരി മരുന്നുകൾ, കണക്കിൽപ്പെടാത്ത കറൻസികൾ എന്നിവയെല്ലാം അന്യസംസ്ഥാനങ്ങളിൽ നിന്ന് ഇവർ എത്തിക്കുന്നു.
നിരോധിത ഉൽപ്പന്നങ്ങൾ കടത്തികൊണ്ടുവരുന്നതിന് പ്രധാന മറയായി ഉപയോഗിക്കുന്നത് പച്ചക്കറി വാഹനങ്ങളാണ്. മലബാർ മേഖലയിലേക്ക് പച്ചക്കറികൾ പ്രധാനമായും വരുന്നത് കർണാടകയിൽ നിന്നാണ്. പച്ചക്കറി വാഹനങ്ങൾ കാര്യമായ പരിശോധനകൂടാതെ ചെക്ക് പോസ്റ്റുകൾ കടന്ന് പോരാമെന്ന തോന്നലാണ് ഇവ ഉപയോഗിക്കാൻ കാരണം.
വെറും വാഹകരായി മാത്രമായ ഇവർക്ക് സാധനങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തിച്ചുകൊടുക്കൽ മാത്രമാണ് ചുമതല. സാധനത്തിന്റെ യഥാർത്ഥ ഉടമസ്ഥൻ ആരാണെന്ന് അറിയുകയില്ല. ഏൽപ്പിക്കുന്ന സാധനം ലക്ഷ്യസ്ഥാനത്ത് എത്തിച്ചാൽ നേരത്തെ പറഞ്ഞുറപ്പിച്ച പണം കിട്ടും.
കഴിഞ്ഞ ദിവസം പിടിയിലായ യുവാവ് എക്‌സൈസുകാരോട് പറഞ്ഞത് രണ്ടാം തവണയാണ് അനധികൃത കടത്തിന് പോകുന്നതെന്നാണ്. ഉണ്ടായിരുന്ന തൊഴിൽ കൊവിഡ് കാരണം നഷ്ട്പ്പെട്ടതാണ് ഈ തൊഴിലിന് ഇറങ്ങാൻ കാരണമെന്നും ഇയാൾ പറഞ്ഞു. ഇതുപോലെ നിരവധി പേർ വാഹകരായിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി.
നിരോധിത സാധനങ്ങൾ കടത്താൻ വേണ്ടി മാത്രം നിരവധി വാഹനങ്ങൾ വെജിറ്റബിൾ എന്ന പേരിൽ കർണാടകയിലേക്ക് പോകുന്നുണ്ട്. പേരിന് മാത്രം പച്ചക്കറി കയറ്റി നിരോധിത സാധനങ്ങളുമായി വരികയാണ് ചെയ്യുന്നത്.
ഇത്തരം വാഹനങ്ങൾ യഥാർത്ഥ പച്ചക്കറിയുമായി വരുന്ന വാഹനങ്ങൾക്കും ഭീഷണിയായിരിക്കുകയാണ്.
പച്ചക്കറി വാഹനങ്ങളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന കള്ളക്കടത്ത് ഇപ്പോൾ ചില ചരക്ക് വാഹനങ്ങളിലേക്ക് മാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പിടിയിലായ രണ്ട് കേസുകളും ഇത്തരത്തിലുള്ളവയാണ്.