വടകര: മുപ്പത് കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത അഴിയൂരിൽ ഇന്നലെ ഒരു മരണം സംഭവിച്ചതോടെ പഞ്ചായത്തിൽ ആർ.ആർ.ടി യോഗം ചേർന്നു. ബനാത്ത് മദ്രസ എഫ്.എൽ.ടി.സിയിൽ നടന്ന യോഗത്തിൽ വടകര തഹസിൽദാർ പങ്കെടുത്തു. നിലവിൽ 1, 2, 3, 5, 6, 12, 15 ,16 എന്നീ എട്ട് വാർഡുകളിൽ ഭാഗിക നിയന്ത്രണങ്ങളും പഞ്ചായത്ത് ഓഫീസ് ഉൾപ്പെടെയുള്ള പതിനേഴാം വാർഡിൽ പൂർണ്ണ നിയന്ത്രണവും ഉണ്ട്.
ഉറവിടം അറിയാതെ കുട്ടികൾക്കടക്കം രോഗം വന്നതോടെ തീരപ്രദേശത്ത് പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. കൂടുതൽ അദ്ധ്യാപകരെ പഞ്ചായത്തിലേക്ക് വിട്ടുകിട്ടാൻ ജില്ലാ കളക്ടർക്ക് അപേക്ഷ നൽകി. ഭാഗിക നിയന്ത്രണമുള്ള പ്രദേശത്ത് സൗജന്യ റേഷൻ നൽകണമെന്നും പോസിറ്റീവ് രോഗികളെ വീടുകളിൽ ചികിത്സിക്കുന്ന രീതി അഴിയൂരിൽ വിജയിച്ചതിനാൽ ആവശ്യമുള്ള പൾസ് ഓക്സിമീറ്റർ അനുവദിക്കണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
അദ്ധ്യാപകരും ആശാവർക്കർമാരും ജോലിക്ക് പോകുന്നവരെ ബോധവത്ക്കരിക്കും. ഇന്നലെ മരണം റിപ്പോർട്ട് ചെയ്ത പതിമൂന്നാം വാർഡിൽ നിയന്ത്രണം ഏർപ്പെടുത്തും. ചോമ്പാൽ ഹാർബർ പ്രവർത്തനവും നിർത്തും. രോഗികൾ ഇല്ലാത്തതിനാൽ പതിനെട്ടാം വാർഡിനെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കി. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് വി.പി ജയൻ അദ്ധ്യക്ഷത വഹിച്ചു. വടകര തഹസിൽദാർ ടി.കെ. മോഹനൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ജസ്മിന കല്ലേരി, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, മെഡിക്കൽ ഓഫീസർ ഡോ. അബ്ദുൾ നസീർ, ഡപ്യൂട്ടി തഹസിൽദാർ വി.കെ സുധീർ, ചോമ്പാൽ എസ്.ഐ എം. അബ്ദുൾ സലാം, വില്ലേജ് അസിസ്റ്റന്റ് കെ. ബഷീർ, അദ്ധ്യാപകരായ കെ. ദിപ് രാജ്, സലീഷ് കുമാർ, കെ.പി പ്രീജീത്ത് കുമാർ, ആർ.പി റിയാസ് എന്നിവർ സംസാരിച്ചു.