news
കരണ്ടോട് നീർത്തട പദ്ധതി ഉദ്ഘാടനം ഇ.കെ.വിജയൻ എം.എൽ.എ നിർവഹിക്കുന്നു

കുറ്റ്യാടി: കരണ്ടോട് നീർമറി പദ്ധതിയ്ക്ക് തുടക്കമായി. പദ്ധതി പ്രഖ്യാപനവും ഗുണഭോക്തൃ കമ്മിറ്റി രൂപീകരണ യോഗത്തിന്റെ ഉദ്ഘാടനവും ഇ.കെ.വിജയൻ എം.എൽ.എ നിർവഹിച്ചു.

കേരള പുനർനിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന മണ്ണ് സംരക്ഷണ വകുപ്പ് മുഖേന 2 . 20 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. കായക്കൊടി പഞ്ചായത്തിലെ 1, 2, 3, 10, 12,13,14 വാർഡുകളും കുന്നുമ്മൽ പഞ്ചായത്തിലെ 2, 3, 4, 5 വാർഡുകളും കുറ്റ്യാടി പഞ്ചായത്തിലെ 2, 3, 4 വാർഡുകളും കാവിലുംപാറയിലെ 1 -ാം വാർഡും പദ്ധതിയിലുൾപ്പെടും. 2100 ഹെക്ടർ സ്ഥലവും ഓത്തിയോട് തോടിലേക്ക് വെളളം എത്തുന്ന പ്രദേശവും ഇതിന്റെ ഭാഗമായുണ്ടാവും. മണ്ണ് സംരക്ഷണത്തിലൂടെ ജലലഭ്യത ഉറപ്പുവരുകയാണ് ലക്ഷ്യം. കയ്യാല നിർമ്മാണം, കുളം നിർമ്മാണം, തടയണ, കിണർ റീചാർജിംഗ്, ഫലവൃക്ഷത്തൈകൾ നട്ടുവളർത്തുക തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി നടക്കും.

പ്രഖ്യാപനച്ചടങ്ങിൽ കായക്കൊടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. അശ്വതി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ ടി.പി. ആയിഷ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് അംഗങ്ങളായ എം.പി. സതീശൻ , സതി കണ്ണക്കെ, കെ. പ്രമോദ്, റീന കുയ്യടി, റസിയ ഇല്ലത്ത്, എം.കെ.ശശി, പി.സുരേഷ് ബാബു, ഇ.മുഹമ്മദ് ബഷീർ, കെ.വി.ബാലൻ, ഓവർസിയർ കെ.ബാബു എന്നിവർ സംബന്ധിച്ചു.

സി.രാജൻ കൺവീനറായി ഗുണഭോക്തൃ കമ്മിറ്റി രൂപീകരിച്ചു.