എരുമാട്: ആസാമിലെ വെള്ളപ്പൊക്കത്തിൽ വ്യാപകമായി തേയില കൃഷി നശിച്ചതോടെ നീലഗിരിയിലെ തേയിലയ്ക്ക് ഡിമാന്റ് വർദ്ധിച്ചു. ഇന്ത്യൻ ഗവൺമെന്റ് തേയിലയുടെ ഇറക്കുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തുകയും ആസാമിലെ തേയില കൃഷി വ്യാപമായി വെള്ളപ്പൊക്കത്തിൽ നശിക്കുകയും ചെയ്തതോടെയാണ് നീലഗിരി തേയിലയ്ക്ക് ഡിമാന്റ് വർദ്ധിച്ചത്. ഇതോടെ വിലയില്ലാതിരുന്ന പച്ചതേയിലയ്ക്ക്‌പോലും നല്ല വിലകിട്ടാൻ തുടങ്ങി.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിന്‌ശേഷം ലഭിക്കുന്ന ഏറ്റവും ഉയർന്ന വിലയാണ് ഇപ്പോൾ തേയില കർഷകർക്ക് പച്ചതേയിലയ്ക്ക് കിട്ടുന്നത്. പച്ചതേയില കിലോക്ക് 28 രൂപ മുതൽ മുകളിലേക്കാണ് വില. ഇതിന് മുമ്പ് കൂടിയ വില ലഭ്രച്ചത് കിലോയ്ക്ക് 17 രൂപയാണ്. കഴിഞ്ഞ മാസം 22 രുപയായിരുന്ന വിലയാണ് ഇപ്പോൾ 28-ന് മുകളിലായത്. പതിറ്റാണ്ടുകളായി വിലയില്ലാതിരുന്ന തേയില ചപ്പിന് വില കൂടിയതോടെ കർഷകർ ഉഷാറിലായി.
വിലയില്ലാതെ നഷ്ട്ത്തിലായതോടെ കഴിഞ്ഞ കുറെ വർഷങ്ങളായി ഈ കൃഷിയിൽ ഏർപ്പെട്ടിരുന്നവർ മറ്റ് കൃഷിയിലേക്ക് തിരിഞ്ഞു. പലരും തേയില വെട്ടിക്കളഞ്ഞ് കാപ്പി കൃഷിയിലേക്ക് തിരിഞ്ഞു.
മാസത്തിൽ രണ്ട് തവണയാണ്‌തേയില ചപ്പ് നുള്ളിയെടുക്കാൻ കഴിയുക. ഒരു ഏക്കറിൽ നിന്ന് ആയിരത്തി അഞ്ഞൂറ് കിലോ വരെ ഇല കിട്ടും.
നീലഗിരിയിലെ മുൻ ജില്ലാ കലക്ടർ സുപ്രിയസാഹു ടീ ബോർഡിന്റെ തലപ്പത്ത് എത്തിയതും തേയില കർഷകർക്ക് ഗുണമായി.തേയില കൃഷി വികസിപ്പിച്ച് കർഷകർക്ക് ന്യായ വില ലഭ്യമാക്കുന്നതിനെപ്പറ്റി പഠനങ്ങൾ നടത്തിയിരുന്നു. ഇറക്കുമതിയിൽ വന്ന നിയന്ത്രണവും ആഭ്യന്തര ഉപയോഗത്തിന്റെ വർദ്ധനവും ഓപ്പൺ മാർക്കറ്റിൽ തേയിലലേലം നടത്തുന്നതുമെല്ലാം തേയിലയുടെ വില വർദ്ധിക്കാൻ ഇടയാക്കുമെന്നത് തേയില കർഷകർക്ക് ഉണർവേകുന്നതാണ്.