കോഴിക്കോട്: മാനാഞ്ചിറ - വെള്ളിമാട്കുന്ന് റോഡ് വികസനത്തിനായി സ്ഥലം ഏറ്റെടുക്കാൻ 50 കോടി രൂപ കൂടി സർക്കാർ അനുവദിച്ചു. ഇതോടെ ഈ സർക്കാർ അധികാരത്തിൽ വന്നശേഷം സ്ഥലമെടുപ്പിനായി അനുവദിച്ച തുക 150 കോടിയായി. സ്ഥലമുടമയ്ക്കും സർക്കാരിനും സ്വീകാര്യമായ രീതിയിൽ ആധാരങ്ങൾ രജിസ്റ്റർ ചെയ്തു ഭൂമി ഏറ്റെടുക്കാൻ ഈ തുക മതിയാകും.
സ്വമേധയാ സ്ഥലം നൽകാൻ തയാറാകാത്തവരുടെ ഭൂമി കൂടി ഏറെറടുക്കേണ്ടതുണ്ട്. ഇതിനുള്ള ലാൻഡ് അക്വിസിഷൻ നടപടികൾ ഉടൻ ആരംഭിക്കും. നടപടി പൂത്തിയാകുമ്പോഴേക്ക് ബാക്കി തുക കൂടി ലഭ്യമാക്കാമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
മാനാഞ്ചിറ - വെള്ളിമാട്കുന്ന് റോഡ് വികസനം സംബന്ധിച്ച് സർക്കാർ അലംഭാവം കാണിക്കുന്നതായി ആരോപിച്ച് പ്രശസ്ത ചരിത്രകാരൻ ഡോ.എം.ജി.എസ്.നാരായണൻ ഉപവാസമിരുന്നതിനു പുറമെ ആക്‌ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധമുൾപ്പെടെ സമരവും നടത്തിയിരുന്നു. എം.ജി.എസ് അടക്കം അറസ്റ്റ് വരിച്ചതാണ്.
വഴിയോരത്തെ ഏതാനും വ്യക്തികളുടെ താത്പര്യം സംരക്ഷിക്കാൻ റോഡ് വികസനം അട്ടിമറിക്കുന്നുവെന്ന ആരോപണമായിരുന്നു ആക്‌ഷൻ കമ്മിറ്റിയുടേത്. ഈ റോഡിൽ ഗതാഗതതടസ്സം നിത്യ സംഭവമാണെന്ന പ്രശ്നവുമുണ്ട്.