വടകര; അഴിയൂർ സെക്ഷനിലെ വൈദ്യുതി വിതരണം സുഖമമാക്കാൻ തുടങ്ങിയ പദ്ധതിക്ക് റെയിൽവേയുടെ അനുമതി വൈകുന്നത് പ്രതിസന്ധിയാവുന്നു. ചോമ്പാൽ കൊളരാട് തെരുവിൽ നിന്ന് 550 മീറ്റർ ദൂരത്തിൽ 11 കെ വി ലൈൻ വലിച്ച് സെൻട്രൽ മുക്കാളി റെയിൽവേ ഓവുപാലത്തിലൂടെ വൈദ്യുതി എത്തിക്കാനുള്ള പദ്ധതിയാണ് പാതിവഴിയിലായത്. ട്രാക്കിനുള്ളിലൂടെ ലൈൻ പോകുന്നതിനാൽ റെയിൽവേയുടെ അനുമതി ആവശ്യമാണ്. ഇതിനായി കെ.എസ്. ഇ. ബി റെയിൽവേക്ക് ഗാരണ്ടി തുകയായ 6 ലക്ഷം രൂപ അടച്ച് ലൈൻ വലിച്ചെങ്കിലും കമ്മീഷൻ ചെയ്യാൻ റെയിൽവേ അനുമതി നൽകിയില്ല. കെ. എസ്. ഇ. ബിയുടെ പണി പൂർത്തിയാക്കിയിട്ട് ആറു മാസം കഴിഞ്ഞു. റെയിൽവേ പരിശോധന നടത്തിയെങ്കിലും അനുമതി കൊടുക്കുന്നത് നീളുകയാണ്. ഓർക്കാട്ടേരി 220 കെ വി സബ് സ്റ്റേഷനിൽ നിന്നാണ് അഴിയൂരിലേക്ക് വൈദ്യുതി എത്തിക്കുക. പദ്ധതി നടപ്പാവുന്നതോടെ ഒഞ്ചിയം , മുട്ടുങ്ങൽ , തോട്ടുങ്കൽ ഫീഡർ വഴിയുള്ള വൈദ്യുതി വിതരണം സുഗമമാകും . കെ.എസ്.ഇ.ബി അഴിയൂർ സെക്ഷനിലെ വൈദ്യുതി വിതരണം കാര്യക്ഷമമാകാനുള്ള പദ്ധതിക്ക് റെയിൽവേ അനുമതി നൽകണമെന്ന് താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല, മുക്കാളി ടൗൺ വികസന സമിതി ജനറൽ സെക്രട്ടറി എ.ടി മഹേഷ് എന്നിവർ ആവശ്യപ്പെട്ടു.