കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് തിരുവങ്ങൂരിൽ നിർമ്മിച്ച പകൽ വീട് 'സ്‌നേഹസ്ഥലി' യുടെ ഉദ്ഘാടനം മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു.

പകൽവീടുകൾ പോലുള്ള കേന്ദ്രങ്ങളിൽ അന്തേവാസികളുടെ കഴിവുകൾ പ്രയോജനപ്പെടുത്താൻ കഴിയേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹ്യ ക്ഷേമ പെൻഷൻ ഈ മാസം മുതൽ 1,400 രൂപയായിരിക്കുകയാണ്. പെൻഷൻ അതത് മാസം 20 നും 30 നും ഇടയിൽ തന്നെ നൽകുമെന്നും മന്ത്രി പറഞ്ഞു. വീടുകളിൽ എത്തിച്ചു നൽകുന്നവർക്ക് അതേ നിലയിൽ തുടരും.

ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ പദ്ധതി വിഹിതമായി 24 ലക്ഷം രൂപയും പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വിഹിതമായി ഏഴ് ലക്ഷം രൂപയും ചേർത്താണ് ഗ്രാമപഞ്ചായത്ത് വാങ്ങിയ അഞ്ച് സെന്റ് സ്ഥലത്ത് പകൽവീട് നിർമ്മിച്ചത്. ഇരുനില കെട്ടിടത്തിലേക്ക് ആവശ്യമായ ഫർണിച്ചറും ടി വി, ഹോംതീയേറ്റർ തുടങ്ങിയവയും വാങ്ങാൻ ഏഴ് ലക്ഷം രൂപ മന്ത്രി രാമകൃഷ്ണൻ ബെവ്‌കോയിൽ നിന്നു അനുവദിക്കുകയായിരുന്നു.

ചടങ്ങിൽ കെ.ദാസൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകൻ കോട്ട്, സ്ഥിരം സമിതി അദ്ധ്യക്ഷരായ ഇ.അനിൽകുമാർ, പി.പി. ശ്രീജ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ടി.നാരായണി, ഐ.സി.ഡി.എസ് സൂപ്പവൈസർ കെ.വിജല എന്നിവർ സംസാരിച്ചു. അസിസ്റ്റന്റ് എൻജിനിയർ കെ. ഫാസിൽ റിപ്പോർട്ട് അവതരിപ്പിച്ചു.