hospital
കുറ്റ്യാടി ഗവ. ആശുപത്രി

കുറ്റ്യാടി: പാമ്പു കടിയേറ്റ് ശ്വാസം നിലച്ച കുട്ടിയ്ക്ക് ആരോഗ്യ പ്രവർത്തകരുടെ ജാഗ്രതയിൽ പുതുജീവൻ. കായക്കൊടി കരിമ്പാലക്കണ്ടിയിലെ പതിനാലുകാരനാണ് കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ പരിമിതികൾക്ക് ഇടയിലെ ചികിത്സ രക്ഷയായത്. കഴിഞ്ഞ ദിവസമാണ് അവശനായ കുട്ടിയെ ബന്ധുക്കളും നാട്ടുകാരും കാഷ്വാലിറ്റിയിൽ എത്തിച്ചത്. നാഡീവ്യൂഹത്തെ തളർത്തുന്ന വിഷമായതിനാൽ ശരീരം തളർന്ന് ശ്യാസം നിലച്ചു.
ഡോക്ടർമാരും നഴ്‌സുമാരും കാഷ്വാലിറ്റി ജീവനക്കാരും ചേർന്ന് ശ്യാസകോശത്തിലേക്ക് ഇ.ടി ട്യൂബ് ഇട്ട് കൃത്രിമശ്വാസവും എ.എസ്.വി (ആന്റിവെനം) രണ്ട് തവണയും നൽകി. ഐ.സി.യു ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുന്നത് വരെ ഇങ്ങനെയാണ് ജീവൻ നിലനിർത്തിയത്. സി.എഫ്.എൽ.ടി.സിയിലേക്ക് ഡോക്ടർമാരും സ്റ്റാഫ് നഴ്‌സുമാരും പോയതോടെ കുറഞ്ഞ സ്റ്റാഫിനെ വച്ചാണ് ആശുപത്രി രാവും പകലും പ്രവർത്തിക്കുന്നത്.