n-rajesh

കോഴിക്കോട്: മാധ്യമം ദിനപത്രത്തിലെ സീനിയർ ന്യൂസ് എഡിറ്ററും കെ.യു.ഡബ്ളിയു.ജെ സംസ്ഥാന കമ്മിറ്റി അംഗവുമായ എൻ.രാജേഷ് (56) നിര്യാതനായി. കരൾ രോഗത്തെ തുർന്ന് ആസ്റ്റർ മിംസ് ആശുപത്രിയിൽ ഇന്നലെ രാവിലെ 11.45 നായിരുന്നു അന്ത്യം.

തൊണ്ടയാട് നാരകത്ത് കുടുംബാംഗമാണ്. ഭാര്യ: പരേതയായ ശ്രീകല. മകൻ: ഹരികൃഷ്ണൻ (വിദ്യാർത്ഥി). പരേതരായ റിട്ട. രജിസ്ട്രാർ ഗോപിനാഥന്റെയും റിട്ട. അദ്ധ്യാപിക കുമുദബായിയുടെയും മകനാണ്.

തുടക്കം കേരളകൗമുദിയിലായിരുന്നു. മികച്ച സ്‌പോർട്‌സ് ലേഖകനുള്ള 1992 ലെ കേരള സ്‌പോർട്‌സ് കൗൺസിൽ അവാർഡ്, കാലിക്കറ്റ് പ്രസ് ക്ലബിന്റെ 1994 ലെ മുഷ്‌താഖ് അവാർഡ്, മികച്ച പത്രരൂപകല്പനയ്ക്കുള്ള സ്വദേശാഭിമാനി പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം (ഐ.സി.ജെ) ഫാക്കൽറ്റി അംഗമാണ്. മൂന്നു തവണ കാലിക്കറ്റ് പ്രസ് ക്ലബ് സെക്രട്ടറിയായി പ്രവർത്തിച്ചു.
സ്റ്റേറ്റ് മീഡിയ അക്രഡിറ്റേഷൻ കമ്മിറ്റി മെമ്പർ, കേരള മീഡിയ അക്കാഡമി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, മാധ്യമം ജേണലിസ്റ്റ്സ് യൂണിയൻ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.

ഉച്ച കഴിഞ്ഞ് രണ്ടരയോടെ കാലിക്കറ്റ് പ്രസ്‌ ക്ലബിൽ പൊതുദർശനത്തിന് വച്ച മൃതദേഹം മൂന്നരയോടെ തൊണ്ടയാടുള്ള വീട്ടിലെത്തിച്ചു. സംസ്‌കാരം വൈകിട്ട് 6.30ന് മാവൂർറോഡ് ശ്‌മശാനത്തിൽ നടന്നു.