നാദാപുരം: ഇനി നാദാപുരത്തുകാർക്ക് ആശ്വസിക്കാം. ഏത് ആപത്ഘട്ടത്തിലും കൈത്താങ്ങായി ജനകീയ ദുരന്തനിവാരണ സേനയുണ്ടാവും ഒപ്പം.
മൂന്നു മാസം മുമ്പാണ് സേനയുടെ പ്രവർത്തനം ഈ മേഖലയിൽ ആരംഭിച്ചത്. പുറമേരി, നരിപ്പറ്റ, തൂണേരി, കുന്നുമ്മൽ, എടച്ചേരി, ചെക്യാട്, നാദാപുരം, വളയം, വാണിമേൽ എന്നീ പഞ്ചായത്തുകളിലാണ് നാദാപുരം യൂണിറ്റിന്റെ പ്രവർത്തനം. ട്രോമാ കെയർ വളണ്ടിയർമാർ, പരിശീലനം ലഭിച്ച റസ്‌ക്യൂ ടീം, ആംബുലൻസ്, പാമ്പ് പിടുത്തക്കാർ എന്നിവരടക്കം ഇരുന്നൂറോളം പേർ സേനയിൽ സേവനസന്നദ്ധരായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിവിധ രാഷ്ട്രീയ പാർട്ടികളുടെ കീഴിൽ ഇത്തരത്തിൽ സംഘങ്ങളുണ്ടെങ്കിലും രാഷ്ട്രീയത്തിന് അതീതമായ പ്രവർത്തനമാണ് ദുരന്ത നിവാരണ സേന ലക്ഷ്യമിടുന്നത്. പ്രകൃതി ദുരന്തങ്ങളായാലും അപകടങ്ങളായാലും ജീവകാരുണ്യ പ്രവർത്തനങ്ങളായാലും സേനയുടെ സഹായം തേടാം. ഒരു ഫോൺ വിളിയേ വേണ്ടൂ. വളണ്ടിയർമാർ ഓടിയെത്തിയിരിക്കും. ദുരന്തമുഖങ്ങളിൽ ഫയർഫോഴ്‌സിനും പൊലീസിനും ഇലക്ട്രിസിറ്റി ബോർഡ് ജീവനക്കാർക്കും സപ്പോർട്ടിംഗ് ടീമായും സേനാംഗങ്ങൾ പ്രവർത്തിച്ചു വരുന്നു. ചേലക്കാട് ടൗണിലാണ് നാദാപുരം യൂണിറ്റിന്റെ ഓഫീസ്.
ദുരന്തമുഖങ്ങളിലും പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്കും അവശ്യം വേണ്ട രക്ഷാപ്രവർത്തന ഉപകരണങ്ങൾ, ആംബുലൻസ് എന്നിവയെല്ലാം സേനയുടെ ഓഫീസിൽ ഏർപ്പെടുത്തിയിട്ടുണ്ട്.