വടകര: അഴിയൂർ ഗ്രാമപഞ്ചായത്തിൽ രണ്ട് കുട്ടികളും ഗർഭിണിയുമടക്കം 11 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രണ്ടാം വാർഡിലെ 9 വയസുകാരനും ഒമ്പതാം വാർഡിലെ എട്ട് വയസുകാരിക്കുമാണ് പോസിറ്റീവായത്. ഇതിൽ ആൺകുട്ടിയുടെ രോഗ ഉറവിടം വ്യക്തമല്ല. കഴിഞ്ഞ ദിവസം ഓർക്കാട്ടേരി സി.എച്ച്.സിയിൽ നടന്ന പരിശോധനയിൽ 10 പേരും വടകര താലൂക്ക് ആശുപത്രിയിൽ നടന്ന പരിശോധനയിൽ ഒരാൾക്കും കൂടി 11 പേർക്കാണ് കൊവിഡ് പോസിറ്റീവ് ആയത്. മൂന്നാം വാർഡ്-1, എട്ടാം വാർഡ്- 3, ഒമ്പതാം വാർഡ്- 2, പതിനൊന്നാം വാർഡ്-1(ഗർഭിണി), പതിനാറാം വാർഡ് -1 , പതിനേഴാം വാർഡ്-1എന്നിങ്ങനെയാണ് കുട്ടികളെ കൂടാതെ കൊവിഡ് ബാധിച്ചവരുടെ എണ്ണം. എല്ലാവരും പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളവരാണ്. ഇന്ന് 200 പേർക്ക് ആന്റിജെൻ പരിശോധന പൂഴിത്തല ഹാജിയാർ പള്ളി മദ്രസയിൽ നടക്കും. ഹാർബറിൽ പതിനെട്ടാം തീയതിയാണ് പരിശോധന. സർക്കാർ നിർദ്ദേശപ്രകാരം പോസിറ്റീവ് രോഗികളെ വീടുകളിൽ ചികിൽസ നടത്തുന്നത് ഫലപ്രദവും വിജയകരവുമാണെന്ന് മെഡിക്കൽ ഓഫീസർ ഡോ.അബ്ദുൽ നസീർ പറഞ്ഞു. നിലവിൽ ഒമ്പത് വാർഡുകളിലാണ് നിയന്ത്രണം. പതിനേഴാം വാർഡിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. ഇന്നലെ രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.