രാമനാട്ടുകര: നഗരത്തിലെ ടൂറിസ്റ്റ് ഹോം മാനേജരെ മർദ്ദിച്ച് മുറിയിൽ പൂട്ടിയിട്ട് രക്ഷപ്പെട്ട നാലംഗ സംഘത്തിലെ രണ്ട് പേരെ ഫറോക്ക് പൊലീസ് പിടികൂടി. കൂട്ടുപ്രതികളായ രണ്ട് പേർക്കായി അന്വേഷണം ഊർജിതമാക്കി. ബേപ്പൂർ അരക്കിണർ കല്ലിങ്ങൽ വീട്ടിൽ ജൻ ബാസ് റസാഖ്(23), ശാരദാ മന്ദിരം ചൂലംപാടം അജ്മൽ വീട്ടിൽ എ.കെ. ഫർഹാൻ(21) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. പിടിയിലായ എ.കെ. ഫർഹാന്റെ എ.ടി.എം. കാർഡാണ് പ്രതികളെ പിടികൂടാൻ സഹായകരമായത്.
ടൂറിസ്റ്റ് ഹോമിൽ അക്രമണം നടത്തി മാനേജറെ മുറിയിലിട്ട് പൂട്ടുകയും രജിസ്റ്ററും പണവും അക്രമിസംഘം കൊണ്ടു പോയതിനാൽ ഇവരെ കുറിച്ച് യാതൊരു രേഖയും ടൂറിസ്റ്റ് ഹോം അധികൃതരുടെ പക്കൽ ഇല്ലായിരുന്നു. പണത്തിന് പകരം എ.ടി.എം കാർഡ് കൗണ്ടറിന് മുകളിൽ വെച്ചിരുന്നെങ്കിലും അത് തിരിച്ചെടുക്കാൻ പ്രതികൾ മറന്നതാണ് കേസിന് തുമ്പായത്. കമ്പ്യൂട്ടറും ഡോറുകളും സി.സി.ടി.വി. കാമറയും ഉൾപ്പെടെ രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടവും വരുത്തിയാണ് സംഘം രക്ഷപ്പെട്ടിരുന്നത്.
കഴിഞ്ഞ ബുധനാഴ്ച രാത്രി ഏഴരയോടെ ടൂറിസ്റ്റ് ഹോമിലെത്തിയ നാലംഗ സംഘം റൂം ആവശ്യപ്പെട്ടു. മാനേജർക്ക് തിരിച്ചറിയൽ രേഖ കൊടുത്തെങ്കിലും പണം കൊടുത്തില്ല. എ.ടി.എമ്മിൽ നിന്നും പണമെടുത്ത് തരാം എന്ന് പറഞ്ഞ് കാർഡ് റിസപ്ഷനിൽ നൽകി. രാവിലെ പണം നൽകാമെന്നും പണത്തിന് പകരമായി രണ്ട് മൊബൈൽ ഫോൺ നൽകിയെങ്കിലും ഫോൺ മാനേജർ വാങ്ങിയിരുന്നില്ല. രാവിലെ പണം നൽകാമെന്ന ഉറപ്പിലാണ് റൂം നൽകിയത്. എന്നാൽ റൂമിൽ കയറി ഉടനെ സംഘം പാട്ടും ബഹളവും തുടങ്ങി. ഇതോടെ റൂം ഒഴിയാൻ ആവശ്യപ്പെട്ടെങ്കിലും സംഘം വഴങ്ങിയില്ല.
മാനേജർ റൂമിൽ കയറി ഇവരോട് പുറത്ത് ഇറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും നാലംഗ സംഘം മർദ്ദിക്കുകയായിരുന്നു. മാനേജരും സ്ഥാപന ഉടമയുടെ സഹോദരനുമായ കാരാട് പുഞ്ചപ്പാടം അബ്ദുൾ റഷീദിനാണ് മർദ്ദനമേറ്റിരുന്നത്. ഫോൺ പിടിച്ചു വാങ്ങി തറയിൽ എറിഞ്ഞു നശിപ്പിക്കുകയും ബാത്റൂം ഡോർ തകർക്കുകയും മാനേജറെ മുറിയിൽ പൂട്ടിയിടുകയുമായിരുന്നു. തുടർന്ന് സംഘം ലാപ്പ്‌ടോപ്പ്, ടാബ്, സി.സി.ടി.വി. കാമറകൾ എന്നിവ തകർക്കുകയും റിസപ്ഷൻ കൗണ്ടറിലെ വലിപ്പിൽ നിന്നും 21000 രൂപ, രജിസ്റ്റർ, ബില്ല് ബുക്ക് എന്നിവയുമായി ബുള്ളറ്റിലും സ്‌കൂട്ടറിലുമാണ് നാലംഗ സംഘം രക്ഷപ്പെട്ടിരുന്നത്. കൂട്ടുപ്രതികളായ രണ്ട് പേർക്കായി തിരച്ചിൽ ഊർജിതമാക്കി. ഫറോക്ക് എസ്.ഐമാരായ
വി.എം. ജയൻ, സി. ശൈലേന്ദ്രൻ, ഇ. അബ്ദുൾ റസാക്ക് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.