കൊയിലാണ്ടി: വാഹനങ്ങൾ കുഴിയിൽ ചാടി വണ്ടിയുടെയും ഡ്രൈവറുടെയും ഡിസ്ക് തെറ്റിയിട്ടും ദേശീയപാതാ അതോറിറ്റി ബധിര കർണ്ണവും കണ്ണും തുറന്നില്ല. ഒടുവിൽ പൊലീസ് തന്നെ റോഡിലെ കുഴിയടക്കാൻ ഇറങ്ങി. കൊയിലാണ്ടി ബസ് സ്റ്റാൻഡിലും ദേശീയപാതയോരത്തുമാണ് പൊലീസുകാർ ഇന്നലെ മൺവെട്ടിയും കൊട്ടയുമായി ഇറങ്ങിയത്.
ബസ് സ്റ്റാൻഡിലെ വലിയ കുഴികളിൽ മഴവെള്ളം നിറഞ്ഞതോടെ അപകടം പതിവായിരുന്നു. നഗരത്തിൽ റോഡ് വികസനം നടത്തുന്നവർ ഇതൊന്നും ശ്രദ്ധിച്ചിരുന്നില്ല. ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ ഷാജികുമാറും ഹോം ഗാർഡുമാരായ പ്രകാശൻ, സദാനന്ദൻ, സുധാകരൻ എന്നിവർ ചേർന്നാണ് കുഴികൾ നികത്തിയത്. നെസ്റ്റ് പ്രവർത്തകൻ സഫ്‌നാസും കൂടെ ചേർന്നു. വാഹനങ്ങൾ അപകടത്തിൽ പെട്ട് യാത്രക്കാർ മരിക്കുമ്പോഴും കാലനെ പോലെ കാത്തിരിക്കുകയാണ് ദേശീയ പാത അതോറിറ്റിയെന്നാണ് നാട്ടുകാരുടെ നിരീക്ഷണം.