vayanashala
വേദിക വായനശാല

കുറ്റ്യാടി: നാടിന്റെ വെളിച്ചമെന്ന വിശേഷണം നരിക്കൂട്ടുംചാൽ വേദിക വായനശാലയ്ക്ക് ഭംഗിവാക്കല്ല, കാൽനൂറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യമാണ്. കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനം ഇന്നേയ്ക്ക് 75 വയസ് തികയ്ക്കുമ്പോൾ ശ്രദ്ധേയമാകുകയാണ് വേദിക.

സാമൂഹ്യ, ജീവ കാരുണ്യ, കലാ, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളിലെല്ലാം നിറസാന്നിദ്ധ്യമാണ് വേദിക. 1996ൽ രൂപീകരിച്ച വായനശാല ഊരാളിച്ചികണ്ടി കുട്ടികൃഷ്ണകുറുപ്പിന്റെ കെട്ടിടത്തിൽ 50 രൂപ മാസവാടക നൽകിയായിരുന്നു പ്രവർത്തിച്ചത്. രണ്ട് പത്രവും ആഴ്ച പതിപ്പുമായിരുന്നു വിഭവങ്ങൾ.

2014ൽ സ്വന്തം കെട്ടിടത്തിനായി അഞ്ച് സെന്റ് ഭൂമി വാങ്ങി. 2015ൽ മുല്ലപ്പള്ളി രാമചന്ദ്രൻ എം.പിയുടെ ഫണ്ടിൽ നിന്നും ഏഴ് ലക്ഷം രൂപയും നാട്ടുകാരുടെ സഹായത്തോടെയും കെട്ടിടമായി. ഏഴായിരത്തിലധികം പുസ്തകങ്ങളാണ് ഇവരുടെ സമ്പത്ത്. ഗ്രന്ഥശാല സംഘം, കേരള സാഹിത്യ അക്കാദമി, യുവജനക്ഷേമ ബോർഡ്, നെഹ്രു യുവ കേന്ദ്ര, ഫോക്‌ലോർ അക്കാദമി തുടങ്ങിയ അഫിലിയേഷനുകൾ വായനശാലയ്ക്ക് സ്വന്തമാണ്. മികച്ച യുവജന ക്ലബിനുള്ള നിരവധി അവാർഡുകളും കരസ്ഥമാക്കിയിട്ടുണ്ട്.

സ്ത്രീ ശാക്തീകരണം, മാലിന്യ സംസ്‌കരണം, ഊർജ്ജസംരക്ഷണം എന്നിവയ്ക്ക് പ്രാമുഖ്യം നൽകിയാണ് പ്രവർത്തനം. കേന്ദ്രത്തിന്റെ സ്വച്ഛ് ഭാരത് ഇന്റേൺഷിപ്പ് പ്രോഗ്രാം നടത്തുന്നുണ്ട്. ഇരുന്നൂറോളം വീടുകളിലെ പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യങ്ങൾ ശേഖരിച്ച് കയറ്റി അയക്കുന്നു. രാജാറാം മോഹൻ റോയ് ഫൗണ്ടേഷൻ അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് കെട്ടിടം വിപുലീകരിക്കുകയാണ്. സ്ത്രീ സ്വയം സംരംഭത്തിനുള്ള സൗകര്യവും കോൺഫറൻസ് ഹാളുമാണ് ഒരുക്കുന്നത്. കെ.കെ രവീന്ദ്രൻ രക്ഷാധികാരിയും ജെ.ഡി. ബാബു പ്രസിഡന്റും എസ്.ജെ. സജീവ് കുമാർ സെക്രട്ടറിയുമായ കമ്മിറ്റിയാണ് നേതൃത്വം.