കാഞ്ഞങ്ങാട്: നഗരത്തിലെ പഴയ ജില്ലാ ആശുപത്രി കോംപൗണ്ടിൽ ജില്ലയിലെ ആദ്യത്തെ അമ്മയും കുഞ്ഞും ആശുപത്രി കെട്ടിട നിർമ്മാണം പൂർത്തിയാകുന്നു. കഴിഞ്ഞ ഫെബ്രുവരി മൂന്നിന് ആരോഗ്യ മന്ത്രി കെ.കെ ശൈലജയാണ് ആശുപത്രിക്ക് തറക്കല്ലിട്ടത്. കെട്ടിടത്തിന്റെ സിവിൽ പ്രവൃത്തി ഏതാണ്ട് പൂർത്തിയായി. ടൈൽ, ഗ്രാനൈറ്റ് പ്രവൃത്തികളാണ് നടന്നു കൊണ്ടിരിക്കുന്നത്.
വൈദ്യുതീകരണ പ്രവൃത്തിയുടെ ടെൻഡർ നടപടി പൂർത്തിയായി. ഫയർ, ലിഫ്റ്റ്, ജനറേറ്റർ, എസി ടെൻഡർ നടപടികൾ ആയില്ല. ഇതിന്റെ ഫയൽ തീരുമാനത്തിനായി തിരുവനന്തപുരം ഇലക്ട്രിക്കൽ ചീഫ് എൻജിനിയറുടെ കൈയിലാണുള്ളത്. കാഞ്ഞങ്ങാടിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന അമ്മയും കുഞ്ഞും ആശുപത്രിയുടെ പ്രൗഢിക്കനുസരിച്ച കമാനം, അമ്മയും കുഞ്ഞും ശിൽപം, നെയിംബോർഡ്, ഓപ്പറേഷൻ തീയേറ്റർ, തുണികളും മറ്റും ഉണക്കാനുള്ള മേൽക്കൂര എന്നിവ നിർമിക്കാനുണ്ട്.
ബാക്കിയുള്ള പ്രവൃത്തിയുടെ ടെൻഡർ നടപടിയുടെ ഫയലുകൾക്ക് ജീവൻ വയ്ക്കുന്നതോടെ ഡിസംബറിൽ ആശുപത്രി യാഥാർത്ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പഴയ ജില്ലാ ആശുപത്രി നിലനിന്നിരുന്ന സ്ഥലത്ത് പ്രവർത്തിച്ചിരുന്ന കേന്ദ്രീയ വിദ്യാലയം ഗുരുവനത്ത് പണിപൂർത്തിയായ കെട്ടിടത്തിലേക്ക് മാറുന്നതോടെ 'അമ്മയും കുഞ്ഞും' ആശുപത്രിക്ക് അധിക സൗകര്യം ഉപയോഗപ്പെടുത്താം. 75 സെന്റ് സ്ഥലത്ത് 112 കിടക്കകൾ ഉള്ള മൂന്നു നില കെട്ടിടമാണ് യാഥാർത്ഥ്യമാകുന്നത്. ആശുപത്രിയുടെ ഭാഗമായി ട്രീറ്റ്മെന്റ് പ്ലാന്റ്, ഫാർമസി, ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും ക്വാർട്ടേഴ്സുകൾ എന്നിവ ആവശ്യമുണ്ട്.
9.4 കോടിയുടെ പദ്ധതി
കോട്ട മതിലിനോട് ചേർന്ന് അഞ്ച് മീറ്റർ അകലത്തിലാണ് പഴയ ജില്ലാ ആശുപത്രി കോമ്പൗണ്ടിൽ കെട്ടിടം നിർമിക്കുന്നത്. കോമ്പൗണ്ട് മുഴുവനായി കെട്ടിടം വ്യാപിച്ച് കിടക്കുന്നു. 9.4 കോടി രൂപയുടെ സാങ്കേതികാനുമതി ലഭിച്ചതാണിത്. ആറു കോടി രൂപയ്ക്ക് കെട്ടിടം പണി പൂർത്തിയാകും. ബാക്കി വരുന്ന 3.4 കോടി ഉപയോഗിച്ച് ബാക്കിയുള്ള സിവിൽ പ്രവൃത്തികളും ടെൻഡർ നടപടി പൂർത്തിയാകാനുള്ള പ്രവൃത്തികളും പൂർത്തിയാക്കാം. ജില്ലാ ആശുപത്രിയുടെ ഭാഗമായി ആശുപത്രി നിലനിർത്തണോ കാഞ്ഞങ്ങാട് നഗരസഭയുടെ കീഴിലാക്കണോ എന്ന ചർച്ച കൂടി നടക്കുന്നുണ്ട്.