mcc
എം.സി.സി

തലശേരി:മലബാർ കാൻസർ സെന്ററിൽ നിർമാണം പൂർത്തിയായ 50 കോടി രൂപയുടെ പി.ജി. ഇൻസ്റ്റിറ്റ്യൂട്ട് വികസന പദ്ധതിയുടെ ഉദ്ഘാടനവും 113 കോടി രൂപയുടെ പ്രവൃത്തി ശിലാസ്ഥാപനവും ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. രാവിലെ 11.30ന‌് വീഡിയോ കോൺഫറൻസിലൂടെ നടക്കുന്ന ഉദ‌്ഘാടന ചടങ്ങിൽ മന്ത്രി കെ ..കെ ശൈലജ അദ്ധ്യക്ഷത വഹിക്കും.

പീഡിയാട്രിക‌് ഹെമറ്റോളജി–-ഓങ്കോളജി ബ്ലോക്ക‌്, ന്യൂക്ലിയർ മെഡിസിൻ ആൻഡ്‌ റേഡിയോളജി എക്സറ്റൻഷൻ ബ്ലോക്ക്, ക്ലിനിക്കൽ ലാബും ഗവേഷണ ബ്ലോക്കും, ഇന്റർവെൻഷൻ റേഡിയോളജി ബ്ലോക്ക‌്, കാന്റീൻ വിപുലീകരണം എന്നിവയുടെ ഉദ്ഘാടനമാണ് നിർവഹിക്കുന്നത്. 64 സ്ലെെസ് ഫ്ലൂറോ സി.ടി. സ്കാനർ, സ്‌പെക്ട്‌ സി.ടി. ഉപകരണങ്ങളും അനുബന്ധമായി സജ്ജീകരിച്ചിട്ടുണ്ട‌്.റേഡിയോ തെറാപ്പി ബ്ലോക്ക‌് വിപുലീകരണം, ഒ.പി. നവീകരണം, സ‌്റ്റുഡന്റ‌് ഹോസ‌്റ്റൽ നിർമ്മാണം എന്നിവയുടെ ഉദ്‌ഘാടനവും ഇതോടൊപ്പം മുഖ്യമന്ത്രി നിർവഹിക്കും.

കിഫ‌്ബി ഭരണാനുമതി നൽകിയ 81.69 കോടി രൂപയാണ‌് റേഡിയോ തെറാപ്പി ബ്ലോക്കിനും ഒ.പി. നവീകരണത്തിനും വിനിയോഗിക്കുന്നത്. 32 കോടി ചെലവഴിച്ചാണ‌് വിദ്യാർത്ഥികൾക്കായി ഹോസ‌്റ്റൽ പണിയുന്നത‌്. കിഫ‌്ബി ഫണ്ട‌് ഉപയോഗിച്ച‌് രണ്ടാംഘട്ടത്തിൽ 14 നിലയുള്ള കെട്ടിടവും അനുബന്ധ സംവിധാനങ്ങളുമൊരുക്കും. ഇതിന‌് 562.245 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട‌്.

ആദ്യഘട്ടത്തിൽ 81.69 കോടി രൂപ കിഫ്ബിയിൽ നിന്ന് അനുവദിച്ചു. രണ്ടാംഘട്ടത്തിൽ 562 കോടിയ്ക്ക് ഭരണാനുമതിയായി. പീഡിയാട്രിക‌് ഹെമറ്റോളജി–-ഓങ്കോളജി ബ്ലോക്കും സജീവമാണ്. കുട്ടികളുടെ അർബുദ ചികിത്സയ്ക്കായി മാത്രം പ്രത്യേകം സജ്ജീകരിച്ച ബ്ലോക്കാണിത്. ശിശു സൗഹൃദമായ രീതിയിലാണ് രൂപകൽപന. കീമോ തെറാപ്പി വാർഡ്, ഓപ്പറേഷൻ തിയേറ്റർ ഐസിയു എന്നിവ കൂടാതെ കളിസ്ഥലം, ഗ്രന്ഥശാല, സിനിമാ തിയേറ്റർ എന്നിവയുമുണ്ട്. ന്യൂക്ലിയർ മെഡിസിൻ ആൻഡ്‌ റേഡിയോളജി എക്സറ്റൻഷൻ ബ്ലോക്കും പ്രവർത്തിക്കുന്നുണ്ട്. രോഗനിർണയത്തിനും ചികിത്സയ്ക്കും റേഡിയോ ഐസോടോപ്പുകൾ ഉപയോഗിച്ചുള്ള ചികിത്സാ സംവിധാനം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ഇതിനായി സ്പെക് സിടി, പെറ്റ് സിടി, ഹോട്ട് ലാബ്, റേഡിയോ ന്യൂക്ലിയസ് തെറാപ്പി എന്നീ സംവിധാനം സജ്ജമാക്കും.