കോഴിക്കോട് : കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിയ്ക്കാനായി ഇനി പരക്കം പായേണ്ടതില്ല. പരിശോധനാ സംവിധാനമുള്ള സമീപത്തെ സർക്കാർ സ്കുളിൽ സാമ്പിൾ എത്തിച്ചാൽ മതി. വൈകാതെ ഫലമറിയാം.
വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ഹരിത കേരളം മിഷൻ തിരഞ്ഞെടുക്കപ്പെട്ട ഹയർ സെക്കൻഡറി സ്കൂളുകളിൽ ജലഗുണനിവാര പരിശോധന ലാബുകൾ സജ്ജീകരിക്കുകയാണ്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ ജില്ലയിൽ 43 സ്കൂളുകളിലാണ് ലാബ് നിലവിൽ വരിക. ഇതിനു പുറമെ ഭൂജല വകുപ്പിന്റേതായുള്ള ലാബ് രണ്ട് സ്കൂളിൽ സ്ഥാപിക്കുന്നുമുണ്ട്.
എം.എൽ.എ മാരുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നാണ് തുക വകയിരുത്തുന്നത്. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്പ്മെന്റ് കോർപ്പറേഷന്റെ നേതൃത്വത്തിൽ ഇതിനായി അടുത്ത ആഴ്ച എസ്റ്റിമേറ്റ് തയ്യാറാക്കാൻ തുടങ്ങും. വെള്ളപ്പൊക്കത്തിന്റെയും ജലമലിനീകരണത്തിന്റെയും പശ്ചാത്തലത്തിൽ കുടിവെള്ളത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിന് ഗവ .ഹയർ സെക്കൻഡറി സ്കൂളിലെ കെമിസ്ട്രി ലാബിലാണ് ജലഗുണനിലവാര പരിശോധനാ സംവിധാനം സജ്ജീകരിക്കുന്നത്. പി.എച്ച്, ഇ.സി, ടി. ഡി.എസ് തുടങ്ങി എട്ടോളം പാരാമീറ്ററുകൾ അടിസ്ഥാനമാക്കിയായിരിക്കും പരിശോധന. ഈ ലാബുകൾ വഴി കുട്ടികളിലെ നിരീക്ഷണപാടവം ഉയർത്താൻ കഴിയും. അദ്ധ്യാപകർക്കെന്ന പോലെ വിദ്യാർത്ഥികൾക്കും പ്രത്യേക പരിശീലനം ഒരുക്കുന്നുണ്ട്.
പദ്ധതിയുടെ ലക്ഷ്യങ്ങൾ
1. കുടിവെള്ളസ്രോതസ്സുകളിലെ ജലം നിശ്ചിത ഇടവേളകളിൽ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തുക.
2. ഗുണനിലവാരമില്ലാത്ത ജലം നിശ്ചിത ഗുണനിലവാരത്തിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുക.
3. ജലജന്യരോഗങ്ങൾ കുറയ്ക്കുക.
4. കുറഞ്ഞ ചെലവിൽ പൊതുജനങ്ങൾക്ക് ജല ഗുണനിലവാര പരിശോധനയ്ക്ക് സാഹചര്യമൊരുക്കുക
നിയോജകമണ്ഡലം ലാബുകൾ
കുന്ദമംഗലം 2
കൊയിലാണ്ടി 2
കോഴിക്കോട് സൗത്ത് 4
വടകര 6
പേരാമ്പ്ര 10
ബേപ്പൂർ 4
കുറ്റ്യാടി 8
ബാലുശേരി 5
തിരുവമ്പാടി 2
'എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പരിധിയിൽ ഒരു സ്കൂളിലെങ്കിലും ജലപരിശോധന ലാബ് സ്ഥാപിക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ 43 സ്കൂളുകൾ തിരഞ്ഞെടുത്തിട്ടുണ്ട്. തുടർന്ന് മറ്റു സ്കൂളുകളിലേക്കും വ്യാപിപ്പിക്കും.
പി.പ്രകാശ്, ജില്ലാ കോ ഓർഡിനേറ്റർ,
ഹരിതകേരളം മിഷൻ