കോഴിക്കോട്: യു.എ.ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട വിവാദങ്ങളിലേക്ക് വിശുദ്ധ ഖുർ ആനിനെ വലിച്ചിഴക്കുന്നത് ഒട്ടും ശരിയല്ലെന്ന് കെ.എൻ.എം മർക്കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടേറിയേറ്റ് അഭിപ്രായപ്പെട്ടു.
വിദേശ കോൺസുലേറ്റുകളിൽ നിന്ന് നിയമവിധേയമായി വിശുദ്ധ ഖുർ ആൻ അടക്കമുള്ള മതഗ്രന്ഥങ്ങൾ ഇറക്കുമതി ചെയ്യാമെന്നിരിക്കെ അതിനെ കള്ളക്കടത്തുമായി ബന്ധപ്പെടുത്തി ചർച്ച ചെയ്യുന്നത് നീതീകരിക്കാനാവില്ല. വിശുദ്ധ ഖുർ ആനിനെ അനാവശ്യ വിവാദങ്ങൾക്ക് കരുവാക്കരുത്. സംഘപരിവാറിന്റെ രാഷ്ട്രീയ താത്പര്യങ്ങൾക്ക് മതേതര കക്ഷികൾ അറിഞ്ഞോ അറിയാതെയോ വിധേയരാകരുതെന്നും യോഗം അഭ്യർത്ഥിച്ചു.
സെക്രട്ടറി സി.പി. ഉമർ സുല്ലമി സംഗമം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ.ഇ.കെ. അഹമ്മദ്കുട്ടി അദ്ധ്യക്ഷത വഹിച്ചു. എൻ.എം. അബ്ദുൽ ജലീൽ, പ്രൊഫ.കെ.പി. സക്കറിയ, ഡോ.ജാബിർ അമാനി, ഡോ.ഐ.പി. അബ്ദുസ്സലാം, പ്രൊഫ.ഇസ്മായിൽ കരിയാട്, അബ്ദുല്ലത്തീഫ് കരിമ്പുലാക്കൽ, എം.അഹമ്മദ്കുട്ടി മദനി, പ്രൊഫ.ശംസുദ്ദീൻ പാലക്കോട്, എം.ടി. മനാഫ്, സലാഹ് കാരാടൻ, ഡോ.അൻവർ സാദത്ത്, സൽമ അൻവാരിയ്യ, ഷഹീർ വെട്ടം, അഫ്‌നിദ പുളിക്കൽ, ബി.പി.എ.ഗഫൂർ, സുഹൈൽ സാബിർ രണ്ടത്താണി എന്നിവർ പ്രസംഗിച്ചു.