കോഴിക്കോട്: ജില്ലയിൽ 17 വരെ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെലേ അലേർട്ട് പ്രഖ്യാപിച്ചു. അടുത്ത 24 മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 64. 5 മില്ലീമീറ്റർ മുതൽ 115. 5 മില്ലീമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. ശക്തമായ മഴ തുടരുന്നതിനാൽ നഗരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാൻ സാദ്ധ്യതയുണ്ട്. ഇത് മുന്നിൽ കണ്ട് മുൻകരുതൽ സ്വീകരിക്കാൻ അധികൃതരോടും പൊതുജനങ്ങളോടും ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.

അതിശക്തമായ മഴയ്ക്കിടെ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങൾക്ക് സാദ്ധ്യത കൂടുതലാണ്. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളം കയറാനുള്ള സാദ്ധ്യത മുന്നിൽ കണ്ട് തയ്യാറെടുപ്പുകൾ നടത്തണം.