news
എം.എസ്.എഫ് പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജ്ജ് നടത്തിയപ്പോൾ

കോഴിക്കോട്: സ്വർണക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് വിധേയനായ മന്ത്രി കെ.ടി.ജലീൽ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് എം.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കളക്‌റേറ്റ് മാർച്ചിന് നേരെ പൊലീസിന്റെ ലാത്തിച്ചാർജ്ജ്. ജലപീരങ്കിയും കണ്ണീർവാതക ഷെല്ലും പ്രയോഗിച്ചിട്ടും പ്രക്ഷോഭകരെ പിരിച്ചുവിടാനാവാതെ വന്നതോടെയായിരുന്നു ലാത്തിവീശൽ.

സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂരിന്റെ കാൽ ഒ‌ടിഞ്ഞു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് സാജിദ് നടുവണ്ണൂർ, എം.എസ്.എഫ് മുൻ സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ, എം എസ് എഫ് സംസ്ഥാന സെക്രട്ടറി കെ.ടി.റൗഫ്, ജില്ലാ ഭാരവാഹികളായ ശാക്കിർ പാറയിൽ, ഷമീർ പാഴൂർ, ഷാഫി എടച്ചേരി തുടങ്ങിയവരുൾപ്പെടെ മുപ്പതോളം പേർക്ക് പരിക്കേറ്റു. പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ. മുനീർ, സി.കെ.സുബൈർ, പി.കെ.ഫിറോസ്, നജീബ് കാന്തപുരം, പി.ജി.മുഹമ്മദ്‌, ആഷിഖ് ചെലവൂർ, അഹമ്മദ് സാജു, കെ.എം.ഫവാസ് തുടങ്ങിയ നേതാക്കൾ പരിക്കേറ്റവരെ സന്ദർശിച്ചു.

ഇന്നലെ രാവിലെ 11 മണിയോടെയാണ് വിദ്യാർത്ഥികൾ കളക്‌റേറ്റിന് മുന്നിലെത്തിയത്. ഗേറ്റിന് മുന്നിൽ ഉയർത്തിയ ബാരിക്കേഡ് സമരക്കാർ മറിച്ചിടാൻ ശ്രമിച്ചതോടെ ജലപീരങ്കി പ്രയോഗിച്ചു. തത്ക്കാലം പിന്മാറിയ വിദ്യാർത്ഥികൾ ജലപീരങ്കിയെ അവഗണിച്ച് ബാരിക്കേഡിന്റെ ഒരു ഭാഗം മറിച്ചിട്ടപ്പോൾ കണ്ണീർവാതക ഷെല്ലുകളുടെ പ്രയോഗമായി. ഷെല്ലുകൾ പൊട്ടിയ പുകയിൽ ശ്വാസതടസ്സം നേരിട്ട പ്രവർത്തകർ ചിതറി ഓ‌ടി. വീണ്ടും പ്രക്ഷോഭകർ സംഘടിച്ചെത്തിയതോടെയായിരുന്നു ലാത്തിച്ചാർജ്ജ്.

സമരം സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ ഉദ്ഘാടനം ചെയ്തു. അഫ്നാസ് ചോറോട് അദ്ധ്യക്ഷത വഹിച്ചു. മിസ്ഹബ് കീഴരിയൂർ, സമദ് പൂക്കാട്, സാജിദ് നടുവണ്ണൂർ,ഏ പി അബ്ദുസ്സമദ്, കെ.ടി.റൗഫ്, സ്വാഹിബ്‌ മുഹമ്മദ്‌, കെ.എം.എ റഷീദ്, ജാഫർ സാദിഖ്, ഷിജിത്ഖാൻ, ഷഫീഖ് അരക്കിണർ തുടങ്ങിയവർ നേതൃത്വം നൽകി.