കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ആറ് റോഡുകളുടെ പ്രവൃത്തികൾക്ക് തുടക്കം. പ്രവൃത്തി ഉദ്ഘാടനം കെ. ദാസൻ എം.എൽ.എ നിർവഹിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി ആറ് റോഡുകളുടെ നവീകരണത്തിന് 66 ലക്ഷം രൂപയാണ് അനുവദിച്ചത്. പൊയിൽക്കാവ്-കോളൂർ കുന്ന് റോഡ് (12 ലക്ഷം), അരങ്ങാടത്ത് മാടാക്കര റോഡ് (10 ലക്ഷം), കെ.കെ. കിടാവ്-മുണ്ടാടിമുക്ക് റോഡ് (10 ലക്ഷം), പിലാച്ചേരി കനാൽ-വരുവോപൊയിൽ റോഡ് (10 ലക്ഷം), പിലാക്കാട്ട് താഴ അക്വഡേറ്റ് റോഡ് (10 ലക്ഷം), വെങ്കറോളി റോഡ് (14 ലക്ഷം) എന്നീ പ്രവർത്തികളാണ് ആരംഭിക്കുന്നത്. ഇതിനു പുറമെ പാറയയ്ക്കൽ താഴ ഡ്രൈനേജ് കം ഫുട്പാത്ത് പ്രവൃത്തിയുടെയും ടെണ്ടർ നടപടി കഴിഞ്ഞു. ചെങ്ങോട്ടു കാവ്-പൊയിൽക്കാവ് കനാൽ റോഡും പൂർത്തീകരിക്കാൻ നടപടി ഉണ്ടാകുമെന്നും എം.എൽ.എ പറഞ്ഞു. ആന്തട്ട ഗവ. യു.പി സ്കൂളിലെ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കൂമുള്ളി കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഗീതാനന്ദൻ, മെമ്പർമാരായ എം. സുധ, പുഷ്പ കുറുവണ്ണാരി, അസി. എൻജിനിയർ സുമ എന്നിവർ സംസാരിച്ചു.