സുൽത്താൻ ബത്തേരി : ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും സുൽത്താൻ ബത്തേരി പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ 4. 76 ഗ്രാം എം.ഡി.എം.എ വിഭാഗത്തിൽപ്പെട്ട അതിമാരകമായ മയക്കുമരുന്ന് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം പുത്തനങ്ങാടി ആരിക്കൽ അജ്നാസ് (26)നെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി മുത്തങ്ങയ്ക്കടുത്ത പൊൻകുഴി അമ്പലത്തിന് സമീപം വെച്ചാണ് മയക്കുമരുന്ന് സഹിതം പ്രതി പിടിയിലായത്.
ബംഗളുരുവിൽ നിന്ന് കടത്തികൊണ്ടുവരികയായിരുന്നു മയക്കുമരുന്ന്. ഇവിടെയുള്ള ഒരു സുഡാൻ സ്വദേശിയുടെ കൈയ്യിൽ നിന്ന് സ്വന്തം ഉപയോഗത്തിനായി വാങ്ങിയതാണെന്നാണ് പൊലീസിന്റെ ചോദ്യം ചെയ്യലിൽ പറഞ്ഞത്. എന്നാൽ നേരത്തെ കഞ്ചാവ് കേസിൽ പ്രതിയായ ഇയാൾ കച്ചവടത്തിനായി കൊണ്ടുവന്നതാണെന്നാണ് പൊലീസിന്റെ നിഗമനം.
71,400 രൂപ വിലവരുന്നതാണ് മയക്ക് മരുന്ന്. ആന്റി നാർക്കോട്ടിക് ഡിവൈ.എസ്.പിയുടെ കീഴിലുള്ള പ്രത്യേക സ്‌ക്വാഡിന് പുറമെ ബത്തേരി പൊലീസ് ഇൻസ്‌പെക്ടർ ജി.പുഷ്പകുമാർ, എ.എസ്.ഐ മാത്യു, ബിനീഷ്, ചന്ദ്രൻ എന്നിവർ ചേർന്നാണ് പിടികൂടിയത്.