വെറുതെ കെട്ടിടങ്ങൾ പടുത്തുയർത്തിയതുകൊണ്ടായില്ല. പാർപ്പിടമായാലും മറ്റെന്തു സമുച്ചയമായാലും കണ്ണിനെന്ന പോലെ മനസ്സിനും കുളിർമ്മ പകരുന്നതാവണമെന്ന കാര്യത്തിൽ മോർസിയ്ക്ക് ശാഠ്യമുണ്ട്. അതുകൊണ്ടുതന്നെ മോർസിയുടെ ഏതു നിർമ്മിതിയിലും കാണാം ആ വൈശിഷ്ട്യത്തിന്റെ മുദ്ര.മൂന്നു പതിറ്റാണ്ടിന്റെ പാരമ്പര്യത്തിളക്കത്തിൽ മുന്നേറുന്ന മോർസി കൺസൾട്ടന്റ്സിന് ഇതിനിടയിൽ അറുന്നൂറോളം പ്രോജക്ടുകൾ പൂർത്തിയാക്കാനായിട്ടുണ്ട്. കുറഞ്ഞ ചെലവിൽ ആകർഷകമായ വീട്; പാർപ്പിട സങ്കല്പത്തിൽ മോർസി മുറുകെപ്പിടിക്കുന്ന മുദ്രാവാക്യം അതാണ്. ചുരുങ്ങിയ കാലത്തിനിടെ ദക്ഷിണേന്ത്യയിലും യു.എ.ഇ യിലും നിർമ്മാണരംഗത്ത് നിറസാന്നിദ്ധ്യമാവാൻ മോർസിയ്ക്ക് കഴിഞ്ഞതിന് പിന്നിൽ സ്ഥാപനത്തിന്റെ സാരഥി ആഷിക് പാരോളിന്റെ ആത്മസമർപ്പണവും നേതൃമികവും തന്നെ, ആർകിടെക്ട് കൂടിയായ മകൾ ആയിഷ ഫിദയുടെ പിന്തുണയും.
@ വരയിൽ നിന്ന് പ്ലാനിന്റെ വലിയ ലോകത്തേക്ക്
വരയോട് ചെറുപ്പത്തിലേ വല്ലാത്ത കമ്പമായിരുന്നു. മുതിർന്നപ്പോൾ പ്ലാൻ വരയുടെ വിശാലമായ ലോകത്തേക്കായി ചുവടുവെപ്പ്. പി.ഡബ്ലു.ഡി എൻജിനിയറായിരുന്ന പിതാവ് മൊയ്തീൻ കോയയാണ് ആഷിക്കിന് എന്നും റോൾ മോഡൽ. കർമ്മരംഗത്ത് നിരവധി അംഗീകാരങ്ങൾ ലഭിച്ച ഉപ്പയുടെ നിർദ്ദേശങ്ങൾ എപ്പോഴും ഊർജ്ജമായിരുന്നു.
പ്ലാൻ സ്കെച്ചിന്റെ സങ്കേതത്തിൽ വിപ്ളവാത്മക മാറ്റങ്ങളുടെ ചിന്ത മനസ്സിൽ കെടാതെ കാത്തു. പുതിയ അറിവുകൾ സ്വായത്തമാക്കുന്നത് മിക്കപ്പോഴും യാത്രകൾക്കിടയിലാണ്. മലബാർ മേഖലയിൽ നൂതനശൈലിയിൽ റസിഡൻഷ്യൽ പ്രോജക്ടുകൾ രൂപകല്പന ചെയ്യുന്നതിൽ പുതിയ മാനം കണ്ടെത്താൻ സാധിച്ചുവെന്നതാണ് മോർസി കൺസൾട്ടന്റ്സിനെ വേറിട്ടുനിറുത്തുന്നത്. മോർസി മുഖ്യമായും കേന്ദ്രീകരിച്ചിരിക്കുന്നത് കേരളത്തിലാണ്. അതേസമയം, ദക്ഷിണേന്ത്യയിലും വിദേശത്തും ഇവരുടെ നിറസാന്നിദ്ധ്യവുമുണ്ട്. വരയിൽ മുഴുകുമ്പോൾ തന്നെ അക്ഷരങ്ങളുടെ ലോകത്തുമുണ്ട് ആഷിക്കിന്റെ സഞ്ചാരം. ഇതിനിടയ്ക്ക് കഥയിലും (ബാക്കി വെച്ച ചോദ്യങ്ങൾ) കവിതയിലുമെല്ലാം (ഭ്രാന്തിന്റെ പ്രാണൻ) കൈവെച്ചിട്ടുണ്ട്. ഇപ്പോൾ ചില പുസ്തകങ്ങളുടെ പണിപ്പുരയിലുമാണ്. എങ്ങനെ ഇതിനൊക്കെ സമയം എന്ന സംശയമുയർത്തിയാൽ ചെറുപുഞ്ചിരിയോടെയായിരിക്കും മറുപടി; സമയം വേണ്ടുവോളമുണ്ട്. അത് കണ്ടെത്തുന്നതിലാണ് ഓരോ മനുഷ്യന്റെയും വിജയം. യാത്രാവേളയിലാണ് അക്ഷരങ്ങളോട് കൂട്ട് പിടിക്കാനും ആഷിക് കൂടുതൽ സമയം കണ്ടെത്തുന്നത്.
@ തുടക്കം തൊണ്ണൂറുകളിൽ
ഭട്കലിൽ നിന്ന് സിവിൽ എൻജിനിയറിംഗിൽ ബിരുദം നേടിയ ശേഷം ആർക്കിടെക്ചർ ഡിപ്ലോമ കഴിഞ്ഞ് ഇന്റരീയർ ഡിസൈനിംഗിൽ പി ജി പഠനവും പൂർത്തിയാക്കുകയായിരുന്നു ആഷിക്. പ്രശസ്ത ആർക്കിടെക്ട് എൻ.എം.സലീമിന്റെ കീഴിലായിരുന്നു തുടക്കം. ആറു മാസത്തോളം അദ്ദേഹത്തിന്റെ സ്ഥാപനത്തിൽ ജോലി ചെയ്തതിനു പിറകെ 1990-ൽ നഗരത്തിൽ സ്വന്തമായി ഓഫീസ് തുറന്നു. ആ കാലത്ത് കോയൻകോയുടെ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക് ഉൾപ്പെടെ അവരുടെ നിരവധി പ്രോജക്ടുകൾ ചെയ്തിട്ടുണ്ട്. പിന്നീട് ദുബായിൽ ഇ.എം.ജി, ബിഗ് മാർട്ട്, ഡേമാർട്ട്, അൽക്കാ ഗ്രൂപ്പ്, ഷാർജ ഇ മാക്സ് തുടങ്ങിയ നിരവധി പ്രോജക്ടുകൾ ഏറ്റെടുക്കാനും കഴിഞ്ഞു. ഫൈഫാറിന്റെ കീഴിലുള്ള ആലുവ ഫൈഫാർ സിറ്റി, തൊടുപുഴ സെന്റർ പോയിന്റ്, ആലുവ ലീഫമാലിയ, കൊച്ചിയിലെ ഇൻഫോ പാർക്ക് ഹൈറ്റ്സ്, കാലിക്കറ്റ് ബൈപ്പാസിലെ ടൗൺഷിപ്പ്, ട്രിവാൻഡ്രം ഫൈഫാർ ലൈഫ് സ്റ്റൈൽസ്, ട്രിവാൻഡ്രം ഫ്യഫെർ ഗാർഡൻസ്, പാലാരിവട്ടത്തെ സായ റിട്ട. ഹോംസ്, ഈറോഡ് ടെക്സ്വാലിയിൽ ഹോംസിറ്റി എന്നിവയിലും ഇൻതോനേഷ്യയിലും മോർസിയുടെ തനതുമുദ്ര പതിഞ്ഞിട്ടുണ്ട്.
ആറ്റിക് എഫക്സ് എന്ന ബ്രാൻഡിൽ ഫർണിച്ചർ ഡിസൈനിംഗ് രംഗത്തും മെക് മീഡിയ എന്ന പേരിൽ കോഴിക്കോട്ട് ഡിസൈനിംഗ് ആൻഡ് ബ്രാൻഡിംഗ് രംഗത്തും വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിഞ്ഞു. സിവിൽ സ്റ്റേഷൻ ഗേറ്റ് വേയിൽ നിന്നായിരുന്നു റിയൽ എസ്റ്റേറ്റിന്റെ തുടക്കം. രണ്ടായിരം വരെ ആർക്കിടെക്ചർ പ്രോജക്ടുകൾ മാത്രമാണ് ചെയ്തിരുന്നത്. പ്രോപ്പർട്ടി ഡെവലപ്മെന്റ് മേഖലയിലേക്ക് തിരിയുന്നത് പിന്നീടാണ്. തുടർന്ന് തിരുവനന്തപുരത്തും എർണാകുളത്തും നിരവധി പ്രോജക്ടുകൾ ഏറ്റെടുത്തു. വിജയത്തിന് പിന്നിൽ എന്നും പിതാവിന്റെ അനുഗ്രഹവും അടുത്ത സുഹൃത്തുക്കളുടെ പിന്തുണയുമുണ്ടായിരുന്നു.
@ സാമൂഹിക സാംസ്കാരിക മേഖലയിലും
കേരളത്തിലും യു.എ.ഇ യിൽ പ്രത്യേകിച്ച് ദുബായിലും ആർക്കിടെക്ചറൽ കൺസൾട്ടന്റ് എന്ന നിലയിൽ നിർമ്മാണ രംഗത്ത് സ്ഥാനമുറപ്പിച്ച ആഷിക് സാമൂഹിക സാംസ്കാരിക മേഖലകളിലും നിറസാന്നിദ്ധ്യമാണ്.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയേഴ്സ്, സൊസൈറ്റി ഓഫ് എൻജിനീയേഴ്സ് യു. എ. ഇ എന്നിവയിൽ അംഗമാണ് ഫൈഫാർ പ്രോജക്ട്സ് ഗ്രൂപ്പിന്റെ സാരഥി കൂടിയായ ഇദ്ദേഹം. കേരള ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ്, ബിൽഡർ അസോസിയേഷൻ ഓഫ് ഇന്ത്യ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.കാരുണ്യ പ്രവർത്തനങ്ങളിലും മുൻനിരയിലുണ്ട് ഇദ്ദേഹം. പി.എം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾ. നിർധന കുടുംബങ്ങൾക്ക് സഹായമെത്തിക്കാൻ ട്രസ്റ്റ് ശ്രദ്ധിക്കുന്നുണ്ട്.
@ സിംപിൾ ആൻഡ് ക്യൂട്ട് വീടുകൾ
ചന്തം തികഞ്ഞ, ലാളിത്യമാർന്ന വീട് ; കുറഞ്ഞ ചിലവിൽ ആരെയും ആകർഷിക്കുന്ന ഇങ്ങനെയൊരു വീടിനോടാണ് വ്യക്തിപരമായി ആഷികിന് താത്പര്യം. പക്ഷേ, അത്തരം പ്രോജക്ടുകൾ കിട്ടുന്നത് അപൂർവമാണെന്ന് ഇദ്ദേഹം പറയുന്നു. മാറുന്ന കാലത്ത് പൊതുവെ ആളുകൾക്ക് ആർഭാടത്തിലാണ് നോട്ടം. ഇപ്പോൾ കൂടുതലായി ചെയ്യുന്നത് കണ്ടമ്പററി ശൈലിയുള്ള വീടുകളാണ്. ഉപഭോക്താക്കളുടെ മനസ്സിലുള്ളത് പകർത്തിയാണ് എപ്പോഴും പ്ലാൻ തയ്യാറാക്കുന്നത്. വീട് മനോഹരമാക്കുന്നതിൽ ഇന്റീരിയർ ഡിസൈനിംഗിന് മുഖ്യപങ്കുണ്ടെന്ന് ആഷിക് ചൂണ്ടിക്കാണിക്കുന്നു. ഉപയോഗശുന്യമായ ഫർണിച്ചർ പോലും പുത്തൻ അലങ്കാര വസ്തുവായി മാറ്റാനാവും. മികച്ച ഇന്റീരിയർ പ്രവൃത്തി കൂടിയാവുമ്പോഴാണ് വീട് യഥാർത്ഥത്തിൽ പൂർണമാവുന്നത്. മികച്ച വീടിനുള്ള 2017- ലെ ഐ.സി.ഐ അൾട്രാടെക് പുരസ്കാരം ആഷികിന്റെ ചേവായൂരിലുള്ള 'ഏഞ്ചൽസി"നായിരുന്നു.
@ കുടുംബം
ഭാര്യ: റജീന ആഷിക്. മക്കൾ: ആയിഷ ഫിദ (ആർകിടെക്ട്), ഫൈഹ സുബൈദ (ആർകിടെക്ചർ അവസാനവർഷ വിദ്യാർത്ഥിനി),ഫെബ ഫാത്തിമ (എട്ടാം സ്റ്റാന്റേർഡ് വിദ്യാർത്ഥിനി).