സുൽത്താൻബത്തേരി: പതിമൂന്ന് ജില്ലകളെയും അപേക്ഷിച്ച് വയനാട്ടിൽ കൊവിഡ് വ്യാപനം കുറവാണെന്ന ആത്മവിശ്വാസമായിരിക്കാം, നിയന്ത്രണങ്ങൾ അവഗണിക്കുകയാണ് ജനം. ജില്ലയിലെ പ്രധാന ടൗണുകളിലെ നിരത്തുകളിൽ ജനതിരക്ക് ദിനം പ്രതി കൂടുകയാണ്. ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിൽ പോലും ജനതിരക്കിന് ഒരു കുറവുമില്ല. വയനാട് ജില്ലയിൽ ഇന്നലെ ഇരുപത് പേർക്കാണ് കൊവിഡ്. അതിൽ പതിനഞ്ച് പേർക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്. സമ്പർക്കത്തിലൂടെയുളള വ്യാപനം വയനാട്ടിൽ വർദ്ധിക്കുകയാണ്. ഇത് അപകടകരമായ അവസ്ഥയിലേക്കാണ് വിരൽ ചൂണ്ടുന്നത്. അയൽ സംസ്ഥാനങ്ങളിൽ നിന്നുളള വരവും പോക്കും വർദ്ധിച്ചതോടെ നിയന്ത്രണം കൈവിട്ടത് പോലെയായിട്ടുണ്ട്. പേരിന് മാസ്ക്ക് ധരിക്കുന്നുണ്ടെങ്കിലും സാമൂഹ്യ അകലം പാലിച്ചുളള ഒരു നിയന്ത്രണവും ജില്ലയിൽ എങ്ങും കാണാനില്ല. ധനകാര്യ സ്ഥാപനങ്ങൾ,പൊതു മാർക്കറ്റുകൾ എന്നിവിടങ്ങളിലൊക്കെ ജനതിരിക്കന് കുറവില്ല. ജില്ലയിലെ നഗരങ്ങളിലെല്ലാം വാഹനത്തിരക്കാണ്. ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിൽ ഇന്നലെ വൻ ഗതാഗതകുരുക്കാണ് അനുഭവപ്പെട്ടത്. വാഹനത്തിരക്ക് കുറയ്ക്കാൻ പൊലീസിന് നന്നേ പാടുപെടേണ്ടി വരുന്നുണ്ട്.ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2086 ആയിട്ടുണ്ട്. ഇതിൽ 1667 പേർക്ക് രോഗമുക്തിയായി. നിലവിൽ 409 പേരാണ് ചികിത്സയിലുള്ളത്. കൊവിഡ് സംബന്ധിച്ച് നേരത്തെ ഉണ്ടായിരുന്ന ഭീതി കുറഞ്ഞമട്ടാണ്. യാതൊരു നിയന്ത്രണവുമില്ലാതെ ജനം തെരുവിൽ ഇറങ്ങുന്നത് ആരോഗ്യ പ്രവർത്തകർക്ക് തലവേദനയായിട്ടുണ്ട്. അതേസമയം വ്യാപാര സ്ഥാപനങ്ങൾ പലതും വേണ്ട നിയന്ത്രണം ഏർപ്പെടുത്തുന്നില്ലെന്ന് ആക്ഷേപവും ഉയർന്നിട്ടുണ്ട്.