കോഴിക്കോട്: കോരിച്ചൊരിയുന്ന മഴയ്ക്കൊപ്പം റോഡിൽ രൂപപ്പെട്ട കുഴികൾ യാത്രക്കാരുടെ നടുവൊടിക്കുന്നു. ദേശീയപാതകളിലും ചെറുതും വലുതുമായ ഗ്രാമീണ റോഡുകളിലും കുഴികൾ നിറഞ്ഞിരിക്കുകയാണ്. തൊണ്ടയാട് ജംഗ്ഷൻ മുതൽ വെങ്ങളം വരെയുള്ള ബൈപാസിൽ മാത്രമുണ്ട് നൂറിലധികം കുഴികൾ. മഴ പെയ്യും തോറും കുഴികളുടെ ആഴവും പരപ്പും കൂടി വരികയാണ്. കുഴികളിൽ വെള്ളം കെട്ടിനിൽക്കാൻ തുടങ്ങിയതോടെ അപകടവും കൂടിയിട്ടുണ്ട്. ഇരുചക്ര വാഹനങ്ങളാണ് കൂടുതലും അപകടത്തിൽപെടുന്നത്. രാത്രി സമയത്തെ മഴയിൽ റോഡും കുഴിയും തിരിച്ചറിയാൻ കഴിയാത്തതിനാൽ വാഹനങ്ങൾ കുഴിയിൽ വീഴുന്നത് പതിവായിട്ടുണ്ട്. കുഴിയിൽ ചാടാതിരിക്കാൻ വാഹനങ്ങൾ വെട്ടിച്ചുണ്ടാകുന്ന അപകടങ്ങൾ ബൈപാസിലെ സ്ഥിരം കാഴ്ചയാണ്. ഇടയ്ക്ക് കുഴികൾ അടച്ചിരുന്നെങ്കിലും മഴ കനത്തതോടെ അടച്ച കുഴികൾക്ക് സമീപത്തായി പുതിയ കുഴികൾ വീണ്ടും രൂപപ്പെട്ടു. കൊവിഡ് ഭീതിയിൽ സ്വകാര്യ വാഹനങ്ങൾ നിരത്തിൽ കൂടിയതോടെ ഉ ണ്ടായ ഗതാഗതക്കുരുക്കിന് പുറമെ കുഴികളും നിറഞ്ഞതോടെ റോഡ് യാത്ര ദുഷ്ക്കരമായിരിക്കുകയാണ്. അപകടം പതിയിരിക്കുന്ന കുഴികൾ എത്രയും വേഗം അടയ്ക്കാൻ അധികൃതർ തയ്യാറാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
പരിഹാരം കാണാതെ വെള്ളക്കെട്ട്
ചെറിയ മഴയിൽ പോലും നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷമാവുകയാണ്. പ്രധാന റോഡുകളെല്ലാം വെള്ളത്തിലാകുന്നതോടെ വാഹനങ്ങൾ തുഴഞ്ഞു നീങ്ങേണ്ട അവസ്ഥ. ഇതിനിടെ കുഴിയിലും വീഴും.