egg

കോഴിക്കോട്: ക്ഷാമം രൂക്ഷമായതോടെ സംസ്ഥാനത്ത് കോഴിമുട്ടയുടെ വില കുത്തനെ ഉയർന്നു. ആറ് മാസം മുമ്പ് നാല് രൂപയായിരുന്നു ചില്ലറ വിലയെങ്കിൽ ഇപ്പോൾ അത് ആറ് രൂപയായി. വർദ്ധന ഈ 50 ശതമാനത്തിലും നിൽക്കാതെ ഇനിയും കൂടുമെന്നാണ് സൂചന.

കൊവിഡ് വ്യാപനത്തോടെ തമിഴ്നാട്ടിലെ നാമക്കലിൽ നിന്ന് കോഴിമുട്ടയുടെ വരവ് നിലച്ചതാണ് ക്ഷാമത്തിന് മുഖ്യകാരണം. തീരാത്ത ആശങ്കയിൽ സംസ്ഥാനത്തെ കോഴി കർഷകരിൽ നല്ലൊരു പങ്കും പിൻവാങ്ങുക കൂടി ചെയ്തതോടെ വില നിരക്ക് കുതിച്ചുയരാൻ തുടങ്ങുകയായിരുന്നു.

നാമക്കലിൽ നിന്ന് പ്രതിദിനം കേരളത്തിൽ എത്തിയിരുന്നത് ശരാശരി 70 ലക്ഷം കോഴിമുട്ടയാണ്. തമിഴ്നാട്ടിൽ കൊവിഡ് പടർന്നതോടെ അവിടെ നിന്നുള്ള ലോഡ് വരവ് നിലച്ചു. ഇതര സംസ്ഥാനക്കാരായ തൊഴിലാളികൾ സ്വദേശത്തേക്ക് മടങ്ങിയപ്പോൾ ഇവിടത്തെ വൻകിട - ഇ‌ടത്തരം കോഴി ഫാമുകാർ കൃഷിയിൽ നിന്നു തൽക്കാലം പിന്മാറാനും നിർബന്ധിതരായി.

കോഴികൃഷിയ്ക്കുള്ള അനുബന്ധ സാധനങ്ങൾ ഏറെയും എത്തിക്കുന്നത് തമിഴ്നാട്ടിൽ നിന്നുതന്നെയാണ്. മാസങ്ങളായി ഇതിന്റെ വരവും നിന്നു. വൈറസ് ബാധയ്ക്ക് അതൊരു നിമിത്തമാകേണ്ടെന്നു കരുതി കോഴി കർഷകർ പൊതുവെ ഓർഡർ നിറുത്തിവെക്കുകയായിരുന്നു.

ജീവിക്കാൻ മറ്റ് മാർഗമില്ലാതെ ചെറുകിട കർഷകർ മാത്രമാണ് ഒരു വിധത്തിൽ ഇപ്പോൾ കോഴി വളർത്തലിൽ തുടരുന്നത്.