nijesh
ചികിത്സാ സഹായ ഫണ്ടിലേക്ക് നാട്ടുകാർ സ്വരൂപിച്ച 25 ലക്ഷം രൂപ ഇ.കെ.വിജയൻ എം.എൽ.എ തലച്ചിറ നാണുവിന് കൈമാറുന്നു

കുറ്റ്യാടി: ഇരു വൃക്കയും തകരാറിലായി ചികിത്സയിൽ കഴിയുന്ന പശുക്കടവ് തലച്ചിറ നിജേഷിന്റെ പുനർജന്മത്തിനായി നാടൊന്നാകെ കൈകോർത്തു. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കുമായി 25 ലക്ഷം രൂപ ചികിത്സാ സഹായ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വരൂപിച്ചു.

കമ്മിറ്റിയെ തുണച്ച് വിവിധ സന്നദ്ധ സംഘടനകളും പഞ്ചായത്തിനകത്തും പുറത്തുമുള്ള നിരവധി കൂട്ടായ്മകളും ഒന്നിച്ച് രംഗത്തിറങ്ങുകയായിരുന്നു. കുടിയേറ്റ ഗ്രാമമായ പശുക്കടവിൽ നിന്നു പണപ്പയറ്റിലൂടെ ഒരു ദിവസം സമാഹരിച്ചത് 5. 60 ലക്ഷം രൂപയാണ്.

നിജേഷിന്റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ 22 ന് നിശ്ചയിച്ചിരിക്കുകയാണ്. വൃക്ക നൽകുന്നത് അമ്മ ചന്ദ്രിയാണ്. ചികിത്സാ സഹായ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടുകാർ സ്വരൂപിച്ച 25 ലക്ഷം രൂപ ഇ.കെ.വിജയൻ എം.എൽ.എ നിജേഷിന്റെ പിതാവ് തലച്ചിറ നാണുവിന് കൈമാറി. കമ്മിറ്റി ചെയർമാനും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സി.പി.ബാബുരാജ് അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ.എം.സതി, കൺവീനർ കെ.ജെ.സെബാസ്റ്റ്യൻ, ഖജാൻജി ടി.എ.അനീഷ്, പി.സി.വാസു, കെ.ടി.ജെയിംസ്, ബേബി കോച്ചേരി, ബിബി, ബീന തുടങ്ങിയവർ പങ്കെടുത്തു.