കോഴിക്കോട്: മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി നാദാപുരം ഉപകേന്ദ്രത്തിന് ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ തുടർസഹായം ലഭ്യമാക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ പറഞ്ഞു. കെട്ടിടശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വൈക്കം മുഹമ്മദ് ബഷീറിന്റെ പേരിൽ ഒളവണ്ണയിൽ ഷാർജ ഗവൺമെന്റിന്റെ സഹായത്തോടെ സാംസ്കാരിക നിലയം പണിയും. പുനത്തിൽ കുഞ്ഞബ്ദുള്ളയ്ക്ക് വടകരയിലും സ്മാരകം പണിയുമെന്നും മന്ത്രി പറഞ്ഞു. നാട്ടുകാർ നൽകിയ 20 സെന്റ് സ്ഥലത്ത് ഒരു കോടി രൂപ ചെലവിലാണ് സാംസ്കാരിക വകുപ്പ് കെട്ടിടം പണിയുന്നത്. ഇ.കെ. വിജയൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. ബാലകൃഷ്ണൻ, നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് സഫീറ, മൂന്നാം കുന്നി അഹമ്മദ് പുന്നക്കൽ, പി. മോഹനൻ, സൂപ്പി നരിക്കാട്ടേരി, വി.പി. കുഞ്ഞികൃഷ്ണൻ, മുഹമ്മദ് ബംഗ്ലത്ത് തുടങ്ങിയവർ പങ്കെടുത്തു.