കോഴിക്കോട്: സ്വർണക്കടത്ത് കേസിനോടനുബന്ധിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യംചെയ്യലിന് വിധേയനായ മന്ത്രി കെ.ടി.ജലീൽ രാജിവെക്കുക, പി.എസ്.സിയുടെ അപ്രഖ്യാപിത നിയമന നിരോധനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് സംഘടിപ്പിച്ച മാർച്ചിനിടെ സംഘർഷം. നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചിട്ടും ഫലമില്ലെന്നു വന്നതോടെ പ്രക്ഷോഭകർക്കു നേരെ പൊലീസ് ലാത്തിചാർജ്ജ് നടത്തി. കെ.എസ്.യു ജില്ലാ പ്രസിഡന്റ് അഡ്വ.വി.ടി.നിഹാൽ ഉൾപ്പെടെ പതിനഞ്ചോളം പേർക്ക് പരിക്കേറ്റു. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
രാവിലെ എരഞ്ഞിപ്പാലത്തു കേന്ദ്രീകരിച്ചായിരുന്നു മാർച്ചിന്റെ തുടക്കം. കളക്ടറേറ്റിന് മുന്നിൽ സ്ഥാപിച്ച ബാരിക്കേഡുകൾ സമരക്കാർ തകർക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാൽ, പിരിഞ്ഞു പോകാൻ തയ്യാറാവാത്ത പ്രവർത്തകർ പ്രതിഷേധ മുദ്രാവാക്യവുമായി വയനാട് റോഡ് ഉപരോധിക്കുകയായിരുന്നു. പിന്നീട് സമരക്കാർ കളക്ടറേറ്റിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതോടെ പൊലീസ് ലാത്തിചാർജ്ജ് തുടങ്ങി. ബാരിക്കേഡ് മറി കടന്ന് കയറിയ ജില്ലാ വൈസ് പ്രസിഡന്റ് വി.ടി. സൂരജ്, ജെറിൽ ബോസ്, ജാനിബ് കൊയിലാണ്ടി എന്നിവരെ പൊലീസ് വളഞ്ഞിട്ട് തല്ലി. ഇവരെ അറസ്റ്റ് ചെയ്ത ശേഷം പിന്നീട് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ജില്ലാ പ്രസിഡന്റ് വി.ടി. നിഹാലിന് തലയ്ക്കും കൈയ്ക്കും പരിക്കുണ്ട്. വൈസ് പ്രസിഡന്റ് പി.പി. റെമീസ്, മുഹമ്മദ് ആഷിഖ്, മുഹമ്മദ് മുസാമിൻ, എം.ആർ. അശ്വന്ത്, അർജുൻ പൂനത്ത്, സിനാൻ, എബി, എ.പി. അശ്കർ, റിഷാൻ, ഷഹബാബ്, തനുദേവ് എന്നിവരും പരിക്കേറ്റവരിൽ ഉൾപ്പെടും.