വടകര: അഴിയൂർ സെക്ഷനിൽ വൈദ്യുതി വിതരണം കാര്യക്ഷമമാക്കാനുള്ള പദ്ധതിയ്ക്ക് അനുമതി ഉടനെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ചോമ്പാൽ കൊളരാട് തെരുവിൽ നിന്ന് മുക്കാളി റെയിൽവേ ഓവുപാലത്തിനുള്ളിലൂടെ 11 കെ.വി ലൈൻ വലിക്കുന്ന പദ്ധതിയ്ക്ക് അനുമതി ലഭിക്കാത്തത് വൈദ്യുതി ചാർജ് ചെയ്യാൻ തടസമായിരുന്നു.
മാദ്ധ്യമങ്ങളിൽ വാർത്തയായതോടെയാണ് ഇടപെടൽ. ലൈൻ വലിക്കുന്ന സ്ഥലം റെയിൽവേ അധികൃതർ സന്ദർശിച്ചിരുന്നു. സുരക്ഷാ പ്രശ്‌നത്തിന്റ ഭാഗമായി ചെറിയ മാറ്റം വരുത്താൻ കെ.എസ്.ഇ.ബിയോട് ആവശ്യപ്പെട്ടു. ഇത് പൂർത്തിയാകുന്ന മുറയ്ക്ക് ലൈൻ ചാർജ് ചെയ്യാൻ അനുവദിക്കും. അനുമതി നീളുന്ന പ്രയാസങ്ങൾ സി.കെ നാണു എം.എൽ.എ റെയിൽവേ എൻജിനീയറിംഗ് വിഭാഗത്തെ ധരിപ്പിച്ചിരുന്നു. ഓർക്കാട്ടേരി 220 കെ.വി സബ് സ്റ്റേഷനിൽ നിന്നും അഴിയൂർ മേഖലയിൽ വൈദ്യുതി വിതരണം സുഗമമാക്കലാണ് ഉദ്ദേശിക്കുന്നത്. ഇതോടെ ഒഞ്ചിയം, മുട്ടുങ്ങൽ, തോട്ടുങ്കൽ ഫീഡർ വഴി അഴിയൂരിൽ വൈദ്യതി വിതരണം സുഗമമാക്കാം.