കണ്ണൂർ: ബി.എൽ.ഒ (ബൂത്ത് ലെവൽ ഓഫീസർ) മാർക്ക് കിട്ടാനുള്ള വേതന കുടിശ്ശിക കൊടുത്തുതീർക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ ഉത്തരവ്. ഏറേക്കാലമായി വേതനക്കുടിശികയ്ക്കെതിരെ ബി.എൽ.ഒമാർ പ്രതിഷേധത്തിലായിരുന്നു. വാർഷിക പ്രതിഫലമായ 6000 രൂപയും ഫോൺ ചാർജിനുള്ള 1200 രൂപയും ചേർത്ത് 7200 രൂപ നൽകാനുള്ള ഉത്തരവാണ് ജില്ലാ കളക്ടർമാർക്ക് ലഭിച്ചുള്ളത്.

17,97,92,400 രൂപ അനുവദിച്ചിട്ടുണ്ട്. 2019 -20 സാമ്പത്തിക വർഷത്തിൽ അർഹമായ കഴിഞ്ഞ മാർച്ച് മാസത്തിൽ ലഭിക്കേണ്ട തുകയാണ് അനുവദിച്ചത്. ഒരേ വിഷയത്തിൽ കേരളത്തിലെ മുഴുവൻ ബി.എൽ.ഒ മാരും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പോസ്റ്റ് കാർഡിൽ അപേക്ഷ അയച്ചതിന്റെ ഭാഗമായാണ് ഇപ്പോൾ തുക പാസ്സായിരിക്കുന്നതെന്ന് ഇവർ വ്യക്തമാക്കുന്നു. ഇതിന് പുറമെ 2018-19, 2019-20 സാമ്പത്തിക വർഷത്തെ വോട്ടർമാരുടെ അപേക്ഷാ ഫോറം വെരിഫൈ ചെയ്തതിനുള്ള തുകയും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ബി.എൽ.ഒ മാർ പറയുന്നു.

വർഷങ്ങൾക്ക് മുൻപെ നടത്തിയ അഞ്ച് സ്പെഷ്യൽ ഡ്രൈവുകളുടെയും അവസാനമായി നടത്തിയ ഇ.വി.പി (ഇലക്ടറർ വോട്ടേഴ്സ് പ്രോഗ്രാം) ന്റെയും തുകയും ഇതുവരെ കിട്ടിയിട്ടില്ല. 2019 നവംബറിലാണ് ഇവയെല്ലാം പൂർത്തിയാക്കിയത്.

തുക വകമാറ്റലാണ് വില്ലൻ

തിരഞ്ഞെടുപ്പ് കമ്മിഷൻ നേരത്തെ തന്നെ സംസ്ഥാന സർക്കാരിന് ആവശ്യമായ തുക നൽകുന്നുണ്ടെന്നും എന്നാൽ സർക്കാർ അത് വകമാറ്റി ചെലവാക്കുകയുമാണെന്നാണ് ആരോപണം.

ലോക്സഭ-നിയമസഭ എന്നീ രണ്ട് തിരഞ്ഞെടുപ്പുകൾക്കും ബി.എൽ.ഒമാർക്ക് ശമ്പളം കൊടുക്കുന്നത് കേന്ദ്ര സർക്കാ‌ർ ആണ്. എന്നാൽ സർക്കാർ ഇത് വക മാറ്റി ചെലവാക്കാൻ തുടങ്ങിയതോടെ സംസ്ഥാനം ആദ്യം തുക നൽകി വൗച്ചർ കാണിക്കുന്നത് പ്രകാരം മാത്രമാണ് ഇപ്പോൾ കേന്ദ്രം തുക അനുവദിക്കുന്നുളളൂവെന്നും ബി.എൽ.ഒമാർ പരാതിപ്പെടുന്നു.

സംസ്ഥാനത്ത് ആകെ ബി.എൽ.ഒമാർ

25,979

കണ്ണൂരിൽ

ഒരു നിയോജക

മണ്ഡലത്തിൽ

143 മുതൽ 170 വരെ

കഴിഞ്ഞ മാർച്ച് മാസത്തെ തുകയാണ് ഇപ്പോൾ കിട്ടിയിട്ടുള്ളത്. നിലവിൽ സംസ്ഥാന സർക്കാരാണ് തു അനുവദിക്കേണ്ടത്. പിന്നീട് വൗച്ചർ അയക്കുന്ന മുറയ്ക്ക് കേന്ദ്രം തുക നൽകുകയാണ് ചെയ്യുന്നത്.

കെ.പി. ബാലകൃഷ്ണൻ (ആൾ കേരള ബൂത്ത് ലെവൽ ഓഫീസേഴ്സ് അസോ. കണ്ണൂർ ജില്ലാ സെക്രട്ടറി)​