കണ്ണൂർ: താലസീമിയ, ഹീമോഫീലിയ, സിക്കിൾ സെൽ അനീമിയ പോലുള്ള രക്തജന്യമായ മാരക അസുഖം ബാധിച്ചവർക്ക് മെച്ചപ്പെട്ട സൗജന്യ ചികിത്സയ്ക്കായി വിദഗ്ധ ചികിത്സാ കേന്ദ്രങ്ങൾ തുടങ്ങാൻ ആരോഗ്യവകുപ്പ് തീരുമാനം. ചികിത്സയും മരുന്നുമില്ലാതെ നട്ടം തിരിയുന്ന തലാസീമിയ രോഗികളുടെ ദുരിതം ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഇടപെട്ട് ഇത്തരം രോഗികൾക്കായി ചികിത്സാ കേന്ദ്രങ്ങൾ തുടങ്ങാൻ തീരുമാനമെടുത്തത്.

മൂന്നു വർഷം മുമ്പ് തന്നെ പദ്ധതി നടപ്പാക്കുന്നതിനെ കുറിച്ച് സർക്കാർ തലത്തിൽ ആലോചിച്ചിരുന്നു. ഇപ്പോൾ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ദേശീയാരോഗ്യ ദൗത്യത്തിൻ കീഴിൽ സ്റ്റേറ്റ് ബ്ലഡ് സെൽ ആണ് പദ്ധതി നടപ്പാക്കുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അദ്ധ്യക്ഷയായ വിദഗ്ധ സ്റ്റിയറിംഗ്‌ കമ്മിറ്റിയാണ് പദ്ധതി നടപ്പാക്കുക. കേരളത്തിലെ രക്തജന്യരോഗികൾക്ക് ഈ പദ്ധതി പുതിയ പ്രതീക്ഷ പകർന്നിരിക്കുകയാണ്.

കഴിഞ്ഞ ഒരു വർഷത്തിനിടെ നാലു പേർ സംസ്ഥാനത്ത് തലാസീമിയ രോഗം ബാധിച്ച് മരിച്ചിരുന്നു. മരുന്നുകൾ മെഡിക്കൽ കോർപറേഷൻ അംഗീകരിച്ച ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടും വിതരണം കാര്യക്ഷമമായിരുന്നില്ല.. ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 18 വയസിന് താഴെയുള്ള രോഗികൾക്ക് മാത്രമാണ് മരുന്ന് സൗജന്യമായി നൽകുന്നത്. ബാക്കിയുള്ളവർ വൻവില നൽകി പുറത്തുനിന്ന് വാങ്ങേണ്ട സ്ഥിതിയാണ്. ഒരു മാസത്തെ മരുന്നിനും ഇഞ്ചക്ഷനും പതിനായിരം രൂപയാകും. ഇഞ്ചക്ഷൻ വീടുകളിൽ നിന്നും നൽകാൻ മുപ്പതിനായിരം രൂപ വിലയുള്ള ഇൻഫ്യൂഷൻ പമ്പും ആവശ്യമാണ്.

സർക്കാർ തീരുമാനങ്ങൾ

കോഴിക്കോട് മെഡിക്കൽ കോളേജ്, തിരുവനന്തപുരം മെഡിക്കൽ കോളേജ്, ആലുവ ജില്ലാ ആശുപത്രി, മാനന്തവാടി ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ പ്രത്യേക ചികിത്സാകേന്ദ്രങ്ങൾ

എ.പി.എൽ, ബി.പി.എൽ വ്യത്യാസമില്ലാതെ രോഗികൾക്ക് ചികിത്സ സൗജന്യം

എല്ലാ ജില്ലകളിലും ഹീമോഫീലിയ ട്രീറ്റ്മെന്റ് സെന്ററും ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സൗകര്യവും.

തലാസീമിയ, സിക്കിൾ സെൽ അനീമിയ രോഗങ്ങളോടെയുള്ള ശിശുജനനങ്ങൾ സമ്പൂർണ്ണമായി തടയാനും ഹീമോഫീലിയ രോഗം നിയന്ത്രണ വിധേയമാക്കാനും ഊർജ്ജിത നടപടി

 പ്രായഭേദമന്യേ ജീവൻ രക്ഷാമരുന്നുകളും ബ്ലഡ് ഫിൽട്ടർ സെറ്റുകളും ലഭിക്കും

പ്രശ്നങ്ങളുടെ നടുവിൽ

മജ്ജ മാറ്റിവയ്ക്കലിലെ സങ്കീർണതകളാണ് പ്രധാന പ്രശ്നം. മാതാപിതാക്കൾ മജ്ജ നൽകാൻ തയ്യാറായാൽ പോലും സ്വീകരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. സഹോദരങ്ങളുടെ മജ്ജ മാത്രമാണ് കൂടുതൽ ചേരുക. മജ്ജ നൽകാൻ സഹോദരങ്ങൾ തയ്യാറായാലും മാറ്റിവയ്ക്കാൻ ചെന്നൈയിലോ ബംഗളൂരുവിലോ പോകണം.

തീരുമാനമെടുത്ത സംസ്ഥാന സർക്കാർ നടപടിയെ സ്വാഗതം ചെയ്യുന്നു. രക്തജന്യ രോഗികളുടെ ജീവൻ രക്ഷാ മരുന്നുകൾക്കും വിദഗ്ധ ചികിത്സയ്ക്കും സാമൂഹ്യനീതിക്കും പദ്ധതിയുടെ ഗുണഫലം എല്ലാ ജില്ലകളിലേക്കും കേന്ദ്രങ്ങളിലേക്കും എത്തിക്കാൻ അടിയന്തര നടപടിയുണ്ടാവണം.

കരീം കാരശേരി, സ്റ്റേറ്റ് ജന.കൺവീനർ

ബ്ലഡ്പേഷ്യന്റ് സ് പ്രൊട്ടക്ഷൻ കൗൺസിൽ കേരള