മുക്കം: മണാശേരിയിലെ എഴുപത്തിയഞ്ചുകാരി ചെറൂത്ത് കാർത്ത്യായണിയും അനിയത്തി സൗമിനിയും കൃഷിക്കളത്തിലാണ്. വീടിനടുത്തുള്ള പറമ്പിൽ ഔഷധ ഗുണമുള്ള രക്തശാലി, ജ്യോതി ഇനങ്ങളിൽ പെട്ട നെല്ല് നൂറുമേനി വിളയിച്ചതിന്റെ ആഹ്ലാദത്തിലാണവർ. മറ്റുള്ളവരെ പോലെ കൂലിക്കാരെ വച്ച് പണി ചെയ്യിക്കലല്ല ഇവരുടെ രീതി. കരനെൽ കൃഷിക്ക് നിലമൊരുക്കൽ, വളം ചേർക്കൽ, വിത്തു വിതയ്ക്കൽ, കള നീക്കം ചെയ്യൽ, കൊയ്ത്തും മെതിയും നടത്തൽ എല്ലാം സ്വയം ചെയ്യുന്നതാണ് ഈ വൃദ്ധ സഹോദരിമാരുടെ രീതി.
ചെറുപ്പം മുതൽ മറ്റുള്ളവരുടെ വയലുകളിൽ ഞാറു പറിക്കലും നടലും കൊയ്യലും മെതിക്കലുമെല്ലാം നടത്തി നേടിയ അറിവും അനുഭവവുമാണ് ഇവർക്ക് മുതൽ കൂട്ടാവുന്നത്. മുക്കം നഗരസഭ ചെയർമാൻ വി. കുഞ്ഞനാണ് കഴിഞ്ഞ ദിവസം ഇവരുടെ നെല്ല് കൊയ്ത്ത് ഉദ്ഘാടനം ചെയ്തത്. നഗരസഭ കൗൺസിലർ പി.ടി. ബാബു, നഗരസഭ സെക്രട്ടറി എൻ.കെ. ഹരീഷ്, കൃഷി ഭവനിൽ നിന്നുള്ള ഉദ്യോഗസ്ഥർ, കരനെൽ കർഷക സമിതി സെക്രട്ടറി വിനോദ് മണാശ്ശേരി തുടങ്ങിയവരും കൊയ്ത്തുത്സവത്തിൽ പങ്കാളികളായി.
ഇവർ മാത്രമല്ല മണാശേരിയിൽ പലരും ഇപ്പോൾ നെൽകൃഷിക്കാരാണ്. 12 വർഷമായി വിനോദ് മണാശ്ശേരിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സുഹൃദ് സംഘം നെല്ല് മാത്രമല്ല കപ്പ, കാച്ചിൽ, ചേമ്പ്, ചേന തുടങ്ങി എല്ലാ കൃഷിയും നടത്തുകയും മറ്റുള്ളവർക്ക് പ്രോത്സാഹനവും സഹായവും നൽകുന്നു. ഈ സംഘം ഒന്നര ഏക്കറിൽ നടത്തിയ കൃഷിയുടെ വിളവെടുപ്പും നഗരസഭ ചെയർമാൻ ഉദ്ഘാടനം ചെയ്തു. കപ്പ്യേടത്ത് ചന്ദ്രൻ പ്രസിഡന്റായ മുക്കം അർബൻ കോ ഓപറേറ്റീവ് ബാങ്കിന്റെ കൃഷിയും കൊയ്‌തെടുത്തു. കെ. മോഹനൻ പ്രസിഡന്റായ കർഷക ക്ഷേമ സൊസൈറ്റിയും മണാശ്ശേരിയിൽ നടത്തിയ നെൽകൃഷി വിളവെടുക്കാൻ ഒരുങ്ങുകയാണ്. കൃഷിഭവനും നഗരസഭയും ഇവർക്ക് പ്രോത്സാഹനം നൽകുന്നു.