കണ്ണൂർ: കൊവിഡ് കാലത്ത് ആഘോഷങ്ങളെല്ലാം നിലച്ചപ്പോൾ അന്നത്തിന് വകയില്ലാത്ത അവസ്ഥയിലാണ് ലൈറ്റ് ആൻഡ് സൗണ്ട് രംഗം. ആറുമാസമായി പട്ടിണിയിലായ തൊഴിലാളികളും ഉടമകളും ഇതര തൊഴിൽ മേഖല അന്വേഷിക്കുകയാണ്. വിഷു, ഈസ്റ്റർ, ഓണം തുടങ്ങിയ ഉത്സവങ്ങളെല്ലാം കൊവിഡ് വിഴുങ്ങി. പരിപാടികളെന്തായാലും ലൈറ്റ് ആൻഡ് സൗണ്ട്, പന്തൽ പണിക്കാർക്ക് അന്നന്നത്തെ അന്നത്തിന് വകയൊരുങ്ങുമായിരുന്നു. പക്ഷെ, കൊവിഡ് ജീവിതം കീഴ്മേൽ മറിച്ചു. ആഘോഷങ്ങൾ മുതൽ സമരങ്ങൾ വരെ ഓൺലൈനിലായതും ഇവരുടെ പ്രതീക്ഷകളെ ഇരുട്ടിലാക്കി. മാർച്ച്, ഏപ്രിൽ മാസങ്ങളിലെ സ്റ്റേജ് പരിപാടികളിലുടെ ലഭിക്കുന്ന വരുമാനമായിരുന്നു ഇവരുടെ മിച്ചം. മാസങ്ങളായി വരുമാനം നിലച്ചതോടെ കുടുംബം പട്ടിണിയുടെ വക്കിലാണ്. പലരും പരിചിതമല്ലാത്ത പണികൾ ചെയ്ത് തളർന്നിരിപ്പാണ്. ലോക്ക് ഡൗണിൽ 2000 രൂപ സർക്കാരിൽ നിന്ന് കിട്ടിയത് ആശ്വാസമായെന്ന് തൊഴിലാളികൾ പറയുന്നു. കല്യാണ വീടുകളിലും മരണ വീടുകളിലും ചെറിയ പന്തൽ ഒരുങ്ങുന്നുണ്ടെങ്കിലും അതുകൊണ്ടൊന്നും ജീവിക്കാൻ കഴിയില്ലെന്നാണ് പന്തൽ തൊഴിലാളികൾ പറയുന്നത്.
"ഓണത്തോടനുബന്ധിച്ച് നിരവധി പരിപാടികൾ ഉണ്ടാവാറുണ്ടായിരുന്നു. കൊവിഡിൽ എല്ലാം തകർന്നു. കെട്ടിട വാടക പോലും കൊടുക്കാൻ കഴിയാത്ത അവസ്ഥയാണ്. മിക്ക ജോലിക്കാരും വേറെ ജോലിക്ക് പോയി തുടങ്ങി''-.
കെ.ഫൈസൽ, (പ്ലസ് ലൈറ്റ് ആൻഡ് സൗണ്ട് ഉടമ)
"22 വർഷമായി ഈ മേഖലയിൽ ജോലി ചെയ്യുന്നു. ജീവിക്കാൻ വേറെ വഴി ഇല്ലാതായതോടെ കെട്ടിടനിർമ്മാണ ജോലിക്ക് പോവുകയാണ്''- ശശി, പന്തൽ തൊഴിലാളി