കോഴിക്കോട്: സർക്കാർ, എയ്ഡഡ് കോളേജുകളിൽ പുതിയ കോഴ്‌സുകൾ അനുവദിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ ഉന്നത വിദ്യാഭ്യാസ രംഗത്ത് പിന്നാക്കം നിൽക്കുന്ന മലബാർ ജില്ലകൾക്ക് തിരിച്ചടിയാവുമെന്ന് കോളേജ് പ്രിൻസിപ്പാൾമാരും അദ്ധ്യാപകരും അഭിപ്രായപ്പെട്ടു. സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി ) 'മിഷൻ ഹയർ എജ്യുക്കേഷന്റെ ' ഭാഗമായി സംഘടിപ്പിച്ച ഓൺലൈൻ ചർച്ചയിലാണ് അദ്ധ്യാപകർ ആശങ്ക പങ്കുവച്ചത്.

നിലവിൽ ഉന്നത വിദ്യാഭ്യാസ പഠന അവസരങ്ങൾ വടക്കൻ കേരളത്തിൽ പൊതുവിലും കാസർകോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ പ്രത്യേകിച്ചും കുറവാണ്. പ്ലസ്ടു പൂർത്തിയാക്കുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഉന്നത പഠന അവസരങ്ങൾ നാട്ടിൽ ഇല്ലാത്തതിനാൽ വിദൂര വിദ്യാഭ്യാസത്തെ ആശ്രയിക്കുകയോ പഠനം അവസാനിപ്പിക്കുകയോ ആണ് ചെയ്യുന്നത്. പുതിയ മാനദണ്ഡമനുസരിച്ച് നാക് അക്രഡിറ്റേഷനുള്ള കോളേജുകൾക്ക് മാത്രമാണ് കോഴ്‌സുകൾക്ക് അപേക്ഷിക്കാൻ അവസരം. കേരളത്തിലെ സർക്കാർ കോളേജുകളിൽ പകുതിയും നാക് അക്രഡിറ്റേഷൻ ഇല്ലാത്തവയാണ്. അറബിക് കോളേജുകൾ, പുതുതായി ആരംഭിച്ച എയ്ഡഡ് കോളേജുകൾ, പിന്നാക്ക പ്രദേശങ്ങളിലെ കോളേജുകൾ എന്നിവയൊക്കെ ആവശ്യമായ കോഴ്‌സുകൾ ഇല്ലാത്തതിനാൽ നാക് അക്രഡിറ്റേഷൻ ലഭിക്കാത്തവരാണ്. ഈ സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് നിർദേശങ്ങളിൽ മാറ്റം വരുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. ഡോ. ടി പി എം ഫരീദ്, ഡോ. അബ്ദുൽ അസീസ്, ഡോ. സൈതലവി, ഡോ. ബിജു, ഡോ. അബ്ദുൽ നാസർ, ഡോ. അനസ് എടാരത്ത്, ഡോ. സി. അഷറഫ് , ടി. സലീം, ഡോ. കെ.ടി. അഷറഫ് , അക്ഷയ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ഡോ. ഇസഡ്. ഏ. അശ്രഫ് അദ്ധ്യക്ഷത വഹിച്ചു. അനസ് ബിച്ചു സ്വാഗതവും ഹക്കീം നന്ദിയും പറഞ്ഞു.