കോഴിക്കോട്: മന്ത്രി കെ.ടി ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മഹിളാമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി. കമ്മിഷണർ ഓഫീസിന് സമീപം പൊലീസ് മാർച്ച് തടഞ്ഞു. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് ഉദ്ഘാടനം ചെയ്തു. ജലീലിനെ സംരക്ഷിക്കാൻ മാത്രം മുഖ്യമന്ത്രിക്കുള്ള അടുപ്പം വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രിസഭയിൽ കെ.ടി ജലീലിന്റെ ജോലി ഇടനിലക്കാരൻ എന്ന നിലയിലാണ്. ജലീൽ രാജിവച്ചാൽ മുഖ്യമന്ത്രിയും രാജിവയ്ക്കേണ്ടി വരും. അതുകൊണ്ടാണ് പാർട്ടിയിൽ എതിർപ്പുണ്ടായിട്ടും മുഖ്യമന്ത്രി ജലീലിനെതിരെ സംരക്ഷിക്കുന്നതെന്ന് എം.ടി രമേശ് ആരോപിച്ചു. മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് അഡ്വ. രമ്യ മുരളി അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി രാജൻ, ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ സജീവൻ, സംസ്ഥാന സമിതി അംഗങ്ങളായ പി. രമണീഭായ്, ജയാ സദാനന്ദൻ, ജില്ലാ ജനറൽ സെക്രട്ടറി ലൂസിയാമ്മ അലി അക്ബർ, കെ.പി വിജയലക്ഷ്മി തുടങ്ങിയവർ പ്രസംഗിച്ചു.