കോഴിക്കോട്: തീവണ്ടിയിലെ പാർസൽ വാനിൽ കവർച്ച പതിവാക്കിയ സംഘത്തിലെ പ്രധാനി അറസ്റ്റിൽ. 15 ലക്ഷത്തിന്റെ തുണികൾ മോഷ്ടിച്ച കണ്ണൂർ സംഘത്തിലെ മഹാരാഷ്ട്ര സ്വദേശി ചേതൻ രാംദാസാണ് അറസ്റ്റിലായത്. കർണാടക സ്വദേശി മൊയ്തീൻ അടക്കമുള്ളവർ ഉടൻ പിടിയിലാകുമെന്ന് ആർ.പി.എഫ് ഇൻസ്‌പെക്ടർ വിജയകുമാർ പറഞ്ഞു. ഒരു വർഷത്തിനിടെ 8 തവണകളായി കണ്ണൂർ-തലശ്ശേരി ഭാഗങ്ങളിലേക്കുള്ള തീവണ്ടിയിൽ നിന്നാണ് കൊള്ളയടിച്ചത്. പാലക്കാട് സെക്യൂരിറ്റി കമ്മീഷണർ മനോജ് കുമാറിന്റെ നിർദ്ദേശപ്രകാരം ഇൻസ്‌പെക്ടർ വിജയ്,​ സബ് ഇൻസ്‌പെക്ടർ ദീപക്, മനോജ് കുമാർ, പി.പി ബിനീഷ്, ദേവരാജൻ,​ സത്താർ, ശ്രീകാന്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്.