rto-
കാസർകോട് ആർ ടി ഓഫീസിന് മുമ്പിൽ പണിമുടക്കിയ ജീവനക്കാർ പൊതുയോഗം നടത്തുന്നു

കാസർകോട്: മിനിസ്റ്റീരിയൽ ജീവനക്കാരെ സാങ്കേതിക യോഗ്യതകൾ ആവശ്യമുള്ള ജോയിന്റ് ആർ.ടി.ഒ തസ്തികയിലേക്ക് യോഗ്യതയില്ലാതെ നിയമിക്കുന്നതിനെതിരെ മോട്ടോർ വാഹന വകുപ്പിൽ വിവാദം കടുത്തു. സാങ്കേതിക ജീവനക്കാരുടെ സംഘടനകളായ കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷനും, കേരള അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടേഴ്സ് അസോസിയേഷനും സമരത്തിന് ഇറങ്ങിയതോടെ ആർ.ടി. ഓഫീസുകളുടെ പ്രവർത്തനം താളംതെറ്റി.

ഓട്ടോ മൊബൈൽ / മെക്കാനിക്കൽ എൻജിനീയറിംഗിൽ ഡിപ്ലോമയും ഒരുവർഷത്തെ വർക്ക്ഷോപ്പ് പ്രവർത്തിപരിചയവും ഹെവി ഉൾപ്പെടെയുള്ള വാഹനങ്ങളുടെ ലൈസൻസും യോഗ്യത ആവശ്യമുള്ള പരീക്ഷയെഴുതി ജോലിയിൽ പ്രവേശിക്കുന്ന എ.എം.വി.ഐ നിലവിൽ ഇരുപത് വർഷത്തിനു ശേഷമാണ് ജോ ആർ.ടി.ഒ യുടെ പോസ്റ്റിലേക്ക് എത്തുക. മിനിസ്റ്റീരിയൽ ജീവനക്കാർക്ക് സ്ഥാനക്കയറ്റം നൽകുന്നതിന്റെ ഭാഗമായ് 1981ൽ ഉണ്ടാക്കിയ സ്പെഷ്യൽ റൂളിന്റെ മറപറ്റിയാണ് സീനിയർ സൂപ്രണ്ടുമാരെ 2:1 എന്ന അനുപാതത്തിൽ സാങ്കേതികവും എക്സിക്യൂട്ടിവ്‌ സ്വഭാവമുള്ളതുമായ ജോ. ആർ.ടി.ഒ പോസ്റ്റിലേക്ക് പ്രൊമോഷൻ നൽകുന്നതെന്ന് സാങ്കേതിക വിഭാഗം ജീവനക്കാർ ആരോപിക്കുന്നു.

1984 ലെ സർക്കാർ ഉത്തരവിൽ ജോയിന്റ് ആർ.ടി.ഒമാർക്ക് സാങ്കേതിക യോഗ്യത നിഷ്കർഷിച്ചിട്ടുണ്ട്. സുപ്രിംകോടതി നിയോഗിച്ച റോഡു സുരക്ഷാസമിതിയും മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്പോർട്ടും സാങ്കേതിക യോഗ്യത വേണമെന്ന് പറഞ്ഞിട്ടുമുണ്ട്. അതൊന്നും മുഖവിലക്കെടുക്കാതെ നടത്തുന്ന പ്രൊമോഷനുകൾ നിർത്തിവെക്കണമെന്നാണ് ആവശ്യം.

സേഫ് കേരള പദ്ധതിയ്ക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാക്കുക, അന്യായമായ സസ്പെൻഷൻ നടപടികൾ പിൻവലിക്കുക, പ്രഹസനമാകുന്ന ഓൺലൈൻ ലേണിംഗ് ലൈസൻസ് സമ്പ്രദായം പുന:പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാർ ഉന്നയിക്കുന്നു. സമരം നടത്തിയ ജീവനക്കാർ കാസർകോട് ആർ.ടി ഓഫീസ് പരിസരത്ത് നടത്തിയ യോഗത്തിൽ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ടി.എം ജേർസൻ അദ്ധ്യക്ഷത വഹിച്ചു. ആർ.ടി.ഒ എ.കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ജോയിന്റ് ആർ.ടി.ഒ എച്ച്.എസ് ചഗ്ല, എം.വി.ഐമാരായ എം. വിജയൻ, റെജി കുര്യാക്കോസ്, ടി. വൈകുണ്ഠൻ, എ.എം.വി.ഐമാരായ പ്രദീപ് കുമാർ, സി.എ. ദിനേശൻ, കോടോത്ത് സുജിത്, ജോർജ്ജ് എന്നിവർ സംസാരിച്ചു.