കോഴിക്കോട്: കൊവിഡ് സൃഷ്ടിച്ച ദുരിതക്കടലിൽ നിന്ന് ഇനിയും കര കയറാനാവാതെ സ്വകാര്യബസ് മേഖല. ജിവനക്കാരുടെ എണ്ണം കുറച്ചിട്ടോ, സ്റ്റോപ്പുകളിൽ ഏറെ നേരെ നിറുത്തി നോക്കിയിട്ടോ ഒന്നും രക്ഷയില്ല. ദിവസ കളക്‌ഷൻ ആയിരം രൂപ പോലും കിട്ടാത്ത ബസ്സുകൾ കുറച്ചൊന്നുമല്ല. നേരത്തെ ശരാശരി പതിനായിരം രൂപ വരെ കളക്‌ഷൻ കിട്ടിയിരുന്ന സർവിസുകളുടെ സ്ഥിതിയാണിത്.
ജില്ലയിൽ 1600 ബസുകളുള്ളതിൽ 150 -ൽ താഴെ വണ്ടികൾ മാത്രമാണ് ഇപ്പോൾ സർവിസ് നടത്തുന്നത്. അന്നന്നത്തെ അന്നത്തിന് കൂലി കിട്ടാത്ത അവസ്ഥയിൽ തൊഴിലാളികളുടെ ജീവിതം താളം തെറ്റിയിരിക്കുകയാണ്. ആറു മാസത്തിലേറെയായി നിലച്ച ബസ്സോട്ടം ഇനിയെപ്പോൾ പുനരാരംഭിക്കുമെന്ന് നിശ്ചയമില്ലെന്നിരിക്കെ, തൊഴിലാളികളിൽ പലരും മറ്റു ജോലികളിലേക്ക് ചേക്കേറാൻ തുടങ്ങിക്കഴിഞ്ഞു.
കൊവിഡ് ഭീതിയിൽ പലരും യാത്ര സ്വകാര്യവാഹനത്തിൽ മാത്രമാക്കിയത് സ്വകാര്യ ബസുകൾക്ക് വലിയ തിരിച്ചടിയാവുകയായിരുന്നു. സർവിസ് നടത്താനാവാതെ കയറ്റിയിട്ടിരിക്കുന്ന ബസ്സുകൾ ഇനി പുറത്തിറക്കണമെങ്കിൽ നല്ലൊരു തുക തന്നെ വേണ്ടി വരുമെന്ന് ഉടമകൾ പറയുന്നു. പല ബസുകളുടെയും ബാറ്ററി ജീവനറ്റ നിലയിലാണ്.
വീണ്ടും ഓട്ടം തുടങ്ങിയ സിറ്റി ബസ്സുകളിൽ ഇപ്പോൾ രാവിലെയും വൈകിട്ടും മാത്രമാണ് കുറച്ചെങ്കിലും യാത്രക്കാരുള്ളത്. ലൈൻ ബസ്സുകളുടെ കാര്യം അതിനേക്കാൾ പരുങ്ങലിലും. അതിനിടയ്ക്ക് സമയം തെറ്റിച്ച് ഓടുന്ന കെ.എസ്.ആർ.ടി.സി വണ്ടികൾ ഇവയ്ക്ക് മുന്നിൽ വില്ലനായി മാറുന്നുമുണ്ട്.
ലോക്ക് ഡൗണിനി പിറകെ ബസ് നിരക്ക് ചെറുതായി കൂട്ടിയെങ്കിലും പ്രത്യേകിച്ച് മെച്ചമൊന്നുമില്ലെന്ന ആവലാതിയാണ് ഉടമകളുടേത്. മിനിമം നിരക്ക് വർദ്ധിപ്പിച്ചിട്ടില്ലെന്നതാണ് പ്രശ്നം. യാത്രക്കാരിൽ ഏറെയും കുറഞ്ഞ ദൂരം സഞ്ചരിക്കുന്നവരാണ്. അതുകൊണ്ടുതന്നെ നിരക്ക് കൂടിയതിൻറെ പ്രയോജനം കളക്‌ഷനിൽ കാണില്ല.
" ബസ് സർവിസ് പൂർണമായി നിറുത്തിയാൽ സ്വകാര്യ ബസുകളെ മാത്രം ആശ്രയിക്കുന്ന യാത്രക്കാർ പ്രയാസത്തിലാവും, നഷ്ടത്തിലായാലും ഇത്തരക്കാർക്ക് വേണ്ടി മാത്രമാണ് ഓട്ടം തുടരുന്നത്. സർക്കാരിൽ നിന്ന് ഡീസൽ നികുതി ഒഴിവാക്കിക്കിട്ടിയാൽ തന്നെ വലിയ ആശ്വാസമായിരിക്കും.
കെ.രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി,
ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ
" ചില ദിവസങ്ങളിൽ വെറും രണ്ടു പേരുമായി സർവിസ് നടത്തിയിട്ടുണ്ട്.. ഓണമടുപ്പിച്ച് കുറച്ചെങ്കിലും യാത്രക്കാരുണ്ടായിരുന്നു. ഇപ്പോൾ ആളെണ്ണം തീരെ കുറഞ്ഞു. രാവിലെയും വൈകുന്നേരങ്ങളിലും കുറച്ച് തിരക്ക് കാണും. പൊലീസിൻറെ കണ്ണിൽ പെട്ടാൽ ആളുകളെ ഇറക്കുകയും ചെയ്യും.
ബിജു, ബസ് ഡ്രൈവർ