കോഴിക്കോട്: ജില്ലയിലെ നെൽവയലുകൾ രൂപമാറ്റം വരുത്താതെ സംരക്ഷിക്കുകയും കൃഷിയ്ക്കായി തയ്യാറാക്കുകയും ചെയ്യുന്ന ഉടമകൾക്ക് ഹെക്ടറിന് വർഷത്തിൽ 2000 രൂപ റോയൽറ്റി അനുവദിക്കാനൊരുങ്ങി കൃഷി വകുപ്പ്.
നിലവിൽ നെൽകൃഷി ചെയ്യുന്നവർക്കും പയർ, പച്ചക്കറികൾ, എള്ള്, നിലക്കടല തുടങ്ങിയവ നെൽവയലുകളുടെ അടിസ്ഥാന സ്വഭാവത്തിൽ വ്യത്യാസം വരുത്താതെ കൃഷി ചെയ്യുന്ന നിലം ഉടമകൾക്കും അപേക്ഷിക്കാം. തരിശായി കിടക്കുന്ന നെൽവയലുകൾ സ്വന്തമായോ കർഷകർ / ഏജൻസികൾ മുഖേനയോ ഉപയോഗ യോഗ്യമാക്കുന്ന ഉടമകൾക്കും റോയൽറ്റി അനുവദിക്കും. എന്നാൽ പ്രസ്തുത ഭൂമി തുടർന്നുള്ള മൂന്നുവർഷം തുടർച്ചയായി തരിശായിട്ടാൽ റോയൽറ്റി ലഭിക്കില്ല. കൃഷി ആരംഭിച്ചാൽ റോയൽറ്റിക്ക് അർഹത നേടാം. റോയൽറ്റി തുക ബാങ്ക് അക്കൗണ്ടിലൂടെയാണ് ലഭിക്കുക.
അപേക്ഷ ഓൺലൈനിലൂടെ
റോയൽറ്റിക്കുള്ള അപേക്ഷകൾ www.aims.kerala.gov.in എന്ന പോർട്ടലിലൂടെ ഓൺലൈനായി സമർപ്പിക്കാം. വ്യക്തിഗത ലോഗിൻ ഉപയോഗിച്ചോ അക്ഷയകേന്ദ്രം വഴിയോ അപേക്ഷിക്കാം. അപേക്ഷയോടൊപ്പം നടപ്പ് സാമ്പത്തിക വർഷത്തിലെ കരം അടച്ച രസീത് / കൈവശാവകാശ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ( ആധാർ / വോട്ടർ ഐ.ഡി / ഡ്രൈവിംഗ് ലൈസൻസ് / പാൻ കാർഡ് ), ബാങ്കിന്റെയും ശാഖയുടെയും പേര് , അക്കൗണ്ട് നമ്പർ ഐ.എഫ്.എസ്.സി കോഡ് മുതലായവ വ്യക്തമാക്കുന്ന ബാങ്ക് പാസ് ബുക്കിന്റെ പേജ്, റദ്ധാക്കിയ ചെക് ലീഫ് എന്നിവ അപ്‌ലോഡ് ചെയ്യണം.
'കോഴിക്കോട് ജില്ലയിലെ നെൽവയൽ ഉടമകൾ റോയൽറ്റി ലഭിക്കുന്നതിനുള്ള അപേക്ഷകൾ സെപ്തംബർ 26ന് മുമ്പായി സമർപ്പിക്കണം'- ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ