കോഴിക്കോട്: മന്ത്രി കെ.ടി. ജലീൽ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സിറ്റി പൊലീസ് കമ്മിഷണറേറ്റ് ഓഫീസ്‌ മാർച്ചിൽ പ്രതിഷേധം ഇരമ്പി. പ്രക്ഷോഭകരെ നേരിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. അതിശക്തിയോടെയുള്ള വെള്ളം ചീറ്റലിൽ തെറിച്ച് വീണ് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ടി. റെനീഷ്, അമൃത ബിന്ദു, വി.പി. നിഖില്‍, ശ്രീഹരി എന്നിവർക്ക് പരിക്കേറ്റു. ഇവർ പിന്നീട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേ‌ടി.

അരയിടത്ത് പാലത്ത് നിന്നു ആരംഭിച്ച മാർച്ച് ഡി.ഡി.ഇ ഓഫീസിനു മുന്നിൽ പൊലീസ് തടയുകയായിരുന്നു. ബി. ജെ. പി ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ. സജീവന്‍ സമരം ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ടി. റെനീഷ് അദ്ധ്യക്ഷത വഹിച്ചു. ബി. ജെ. പി ജില്ലാ ജനറല്‍ സെക്രട്ടറി എം. മോഹനന്‍, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.പി.സുധീര്‍, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ഗണേഷ് എന്നിവര്‍ സംസാരിച്ചു. അര മണിക്കൂളോളം പ്രവർത്തകർ റോഡില്‍ കുത്തിയിരുന്നു. തുടര്‍ന്ന് പ്രകടനമായി ബാങ്ക് റോഡിലൂടെ നീങ്ങിയ പ്രക്ഷോഭകർ സി.എച്ച് ഓവര്‍ ബ്രിഡ്‌ജിന് സമീപം ജംഗ്ഷനില്‍ റോഡ് ഉപരോധിച്ചു. സൗത്ത് അസി. കമ്മിഷണര്‍ എ.ജെ. ബാബുവിന്റെ നേതൃത്വത്തില്‍ എത്തിയ പൊലീസ് സംഘം ഇവരെ അറസ്റ്റ് ചെയ്തു നീക്കി.